
കോട്ടയം: കോട്ടയത്ത് പൊലീസ്-ഗുണ്ടാ മാഫിയ ബന്ധമെന്ന് ദക്ഷിണ മേഖല ഐജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചങ്ങനാശേരി ഡിവൈഎസ്പി ശ്രീകുമാറിനെ സ്ഥലംമാറ്റി. പാലക്കാട് ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയിലേക്കാണ് മാറ്റം. കുഴപ്പണൽ കടത്ത്, ലഹരി കടത്ത്, ഹണി ട്രാപ്പ്, വഞ്ചന കുറ്റം തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായ ഏറ്റുമാനൂർ സ്വദേശി അരുണ്‍ ഗോപനുമായി ബന്ധമുണ്ടെന്ന ഐജി പ്രകാശ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മാറ്റം.
ഇതേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോട്ടയം സൈബർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന അരുണിനെ കഴിഞ്ഞ ദിവസം മലപ്പുറത്തേക്ക് മാറ്റിയിരുന്നു. മലപ്പുറത്തും സൈബർ പൊലീസ് സ്റ്റേഷനിലാണ് ഇയാളെ നിയമിച്ചത്. ഗുണ്ട അരുണ്‍ ഗോപനുമായി ക്രമസമാധാന ചുമതലയുള്ള ഡിവൈഎസ്പിക്കും, ഒരു ഇൻസ്പക്ടർക്കും, രണ്ടു പൊലീസുകാർക്കും അടുത്ത ബന്ധമെന്നാണ് ഐജി റിപ്പോർട്ട് നൽകിയത്. ഗുണ്ട അരുൺ ഗോപനെ കസ്റ്റഡയിലെടുത്തപ്പോള്‍ പൊലീസ് ബന്ധം പുറത്തു പറയാതിരിക്കാൻ ഡിവൈഎസ്പി സ്റ്റേഷനിൽ കയറി ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഉദ്യോഗസ്ഥർക്കെതിരെ ഡിജിപി നടപടിക്ക് ശുപാർശ ചെയ്തിരുന്നു.
കോട്ടയത്ത് ഗുണ്ടാ ആക്രണങ്ങള്‍ വർദ്ധിച്ചതോടെയാണ് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ രൂപീകരിച്ച സംഘം അരുൺ ഗോപനെ അറസ്റ്റ് ചെയ്തത്. കോട്ടയം ഈസ്റ്റ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഹണി ട്രാപ്പു കേസിലായിരുന്നു അരുണ്‍ ഗോപന്റെ അറസ്റ്റ്. എസ്പിയുടെ സംഘം അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയും ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിക്കുകയും ചെയ്തപ്പോഴാണ് ഗുണ്ടയുടെ പൊലീസ് സൗഹൃദം പുറത്തായത്. ഇതേ തുടർന്നാണ് ഐജി പി പ്രകാശ് പ്രത്യേക സംഘത്തെ നിയോഗിച്ച് രഹസ്യന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിലെ കണ്ടെത്തലുകളാണ് ഡിജിപിക്ക് നൽകിയ റിപ്പോർട്ടിലുള്ളത്.
നെയ്യാറ്റിൻകരയിൽ ഗുണ്ടാ ആക്രമണം; കടയുടമയെ കടയ്കകത്ത് കയറിയും റോഡിലിട്ടും മർദ്ദിച്ചതായി പരാതി
ബെംഗളൂരു കേന്ദ്രമാക്കി വടക്കൻ കേന്ദ്രത്തിലെ കുഴൽപ്പണ ഇടപാട് നിയന്ത്രിക്കുകയാണ് അരുണ്‍ ഗോപന്റെ ക്രിമിനൽ പ്രവർത്തനം. കോട്ടയത്തും കേസുകളുണ്ട്. എന്നാൽ അന്വേഷണം കാര്യമായി നടത്തുകയോ അറസ്റ്റിലേക്ക് നീങ്ങുകയോ ചെയ്യാതെ പൊലീസ് സംഘം തന്നെ കാക്കും. പൊലീസ് സൗഹൃദമായിരുന്നു ഇതിന് ഗുണ്ടക്ക് തുണയായത്.
ഈയടുത്ത് കോട്ടയത്ത് ചീട്ടുകളി സംഘത്തെ ഗാന്ധി നഗർ പൊലീസ് പിടികൂടിപ്പോള്‍ അരുണ്‍ ഗോപനും അതിൽ ഉള്‍പ്പെട്ടിരുന്നു. കൂടുതൽ അന്വേഷണം നടക്കുന്നതിന് മുമ്പ് ഒരു ഡിവൈഎസ്പി ഇടപെട്ട് അരുണ്‍ ഗോപന് സ്റ്റേഷൻ ജാമ്യം നൽകിയെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. ഇതേ ഡിവൈഎസ്പി അരുണ്‍ ഗോപനെ എസ്പിയുടെ സംഘം കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യുമ്പോൾ സ്റ്റേഷനുള്ളിൽ കയറി പൊലീസ് ബന്ധം പുറത്തുപറയാതിരിക്കാൻ ഭീഷണിപ്പെടുത്തിയെന്നും അന്വേഷണത്തിൽ കണ്ടെത്തി. രണ്ടു പോലീസുകാർ നിരന്തരമായി ഗുണ്ടയുമായി ബന്ധം പുലർത്തിയിരുന്നു. ഇവർ ഗുണ്ടകൾ ഒരുക്കിയ പാർട്ടികളിലും പങ്കെടുത്തിട്ടുണ്ട്. പൊലീസ് നീക്കങ്ങളും ഇവർ അരുൺ ഗോപന് ചോർത്തി കൊടുത്തുവെന്നായിരുന്നു ഐജിയുടെ റിപ്പോർട്ട്.
കട്ടപ്പനയിൽ ഗുണ്ടാ സംഘം വ്യാപാര സ്ഥാപനം അടിച്ചു തകർത്തു; ജീവനക്കാരന് ഗുരതര പരിക്ക്