ഗുരുവായൂര്‍ ദേവസ്വത്തിന് സുപ്രീംകോടതിയില്‍ തിരിച്ചടി; 'വൃശ്ചികമാസ ഏകാദശി പൂജ മാറ്റരുത്, ഭരണപരമായ സൗകര്യം വെച്ച് തന്ത്രിക്ക് തീരുമാനം എടുക്കാനാകില്ല'

Published : Oct 30, 2025, 12:59 PM ISTUpdated : Oct 30, 2025, 02:53 PM IST
guruvayur temple

Synopsis

വൃശ്ചിക മാസത്തിലെ ഏകാദശി പൂജ ഡിസംബർ ഒന്നിന് തന്നെ നടത്തണമെന്ന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. ഭരണപരമായ സൗകര്യം വെച്ച് തന്ത്രിക്ക് തീരുമാനം എടുക്കാനാകില്ലെന്ന് കോടതി ഉത്തരവിൽ പറയുന്നു.

ദില്ലി: ഗുരുവായൂര്‍ ക്ഷേത്രത്തിലെ വൃശ്ചിക മാസത്തിലെ ഏകാദശിയുമായി ബന്ധപ്പെട്ട ഹർജിയിൽ ഗുരുവായൂർ ദേവസ്വത്തിന് തിരിച്ചടി. വൃശ്ചിക മാസത്തിലെ ഏകാദശി പൂജ ഡിസംബർ ഒന്നിന് തന്നെ നടത്തണമെന്ന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. ഭരണപരമായ സൗകര്യം വെച്ച് തന്ത്രിക്ക് തീരുമാനം എടുക്കാനാകില്ലെന്ന് കോടതി ഉത്തരവിൽ പറയുന്നു. ദേവന്റെ പ്രഭാവം വർധിക്കാനാണ് ഓരോ പൂജയും നടത്തുന്നത്. പൂജ രീതികളെ കുറിച്ച് വേദഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ട്. തന്ത്രിക്ക് ഒറ്റയടിക്ക് ഇത് മാറ്റാനാകില്ലെന്നും കോടതി നീരിക്ഷിച്ചു. അതേസമയം, തുലാമാസത്തിലെ ഏകാദശിപൂജ നവംബർ രണ്ടിന് ന‌ത്തുന്നതിൽ തടസമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഗുരുവായൂർ ക്ഷേത്രത്തിലെ വൃശ്ചിക മാസ ഏകാദശിയിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരെയാണ് സുപ്രീംകോടതിയിൽ ഹർജി എത്തിയത്. ഗുരുവായൂർ ക്ഷേത്രത്തിലെ വൃശ്ചികമാസ ഏകാദശിയിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിനെതിരെ പുഴക്കര ചേന്നാസ് മനയിലെ ചില അംഗങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്. വർഷങ്ങളായി പിന്തുടരുന്ന ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങൾ, അനുഷ്ടാനങ്ങൾ, പൂജകൾ എന്നിവയിൽ മാറ്റം വരുത്താൻ അധികാരമുണ്ടെന്ന് ഗുരുവായൂർ ദേവസ്വം ഭരണസമിതി അഡ്മിനിസ്ട്രേറ്റർ കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു. പുഴക്കര ചേന്നാസ് മനയിലെ കുടുംബാങ്ങങ്ങൾ തമ്മിലുള്ള തർക്കമാണ് ഈ ഹർജിക്ക് പിന്നിലെന്ന് ഗുരുവായൂർ ദേവസ്വം ഭരണ സമിതി അഡ്മിനിസ്ട്രേറ്റർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നൽ, തന്ത്രിക്ക് ഏകപക്ഷീയമായി തീരുമാനം എടുക്കാനാകില്ലെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു. അതിന് ദേവപ്രശ്നം നടത്തണമെന്നും ഹർജിക്കാർ കോടതിയിൽ പറഞ്ഞു. ഹർജിക്കാർക്കാരുടെ വാദം പരി​ഗണിച്ചാണ് കോടതി വിധി.

കേസിൽ ഹർജിക്കാരനായ തന്ത്രി കുടുംബത്തിലെ അംഗമായ പിസി ഹാരിക്ക് വേണ്ടി മുതിർന്ന അഭിഭാഷകരായ സി എസ് വൈദ്യനാഥൻ, കെ പരമേശ്വർ, അഭിഭാഷകൻ എ കാർത്തിക് എന്നിവർ ഹാജരായി. ഗുരൂവായൂർ ദേവസ്വം ബോർഡിനായി മുതിർന്ന അഭിഭാഷകൻ ആര്യാമ സുന്ദരം അഭിഭാഷകരായ ജിഷ്ണു എംഎൽ, വിപിൻ ദാസ് എന്നിവരും ക്ഷേത്രം തന്ത്രിക്കായി മുതിർന്ന അഭിഭാഷകൻ വി ഗിരി, അഭിഭാഷകരായ മഹേഷ് ശങ്കരസുബ്ബൻ,ശ്യാം ഗോപാൽ എന്നിവർ ഹാജരായി. കേസിലെ മറ്റൊരു ഹർജിക്കാരാനായ ശശിധരരാജയ്ക്കായി മുതിർന്ന അഭിഭാഷകൻ സായ് ദീപക്, അഭിഭാഷകൻ ശ്യാം മോഹൻ എന്നിവർ കോടതിയിൽ ഹാജരായി.

അതേസമയം, ഈ കേസ് പരിഗണിക്കുന്നത് കാരണം താൻ ഗുരുവായൂരിൽ ദർശനം നടത്തിയില്ലെന്നും ജഡ്ജി ജെ കെ മഹേശ്വരി കേസ് പരി​ഗണിക്കുന്നതിനിടെ പറഞ്ഞു. ജസ്റ്റിസ് രവി കുമാറിന്റെ മകളുടെ വിവാഹത്തിന് താൻ ഗുരുവായൂരിൽ പോയിരുന്നു. മറ്റു ജഡ്ജിമാർ ദർശനം നടത്തിയപ്പോഴും താൻ ദർശനം നടത്തിയില്ല. അതിന് കാരണം ഈ കേസ് പരിഗണിക്കുന്നതാണെന്ന് ജെ കെ മഹേശ്വരി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്തത നീക്കാൻ പൊലീസ്
കോഴിക്കോട് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി