ഗ്യാനേഷ് കുമാറിനെതിരായ കെഎസ്‍ടിപി അഴിമതി കേസ്: കരുതലോടെ നീങ്ങാൻ വിജിലൻസ്, പുനരന്വേഷണ സാധ്യത പരിശോധിക്കാൻ നിർദേശം

Published : Oct 06, 2026, 07:57 AM IST
Gyanesh Kumar

Synopsis

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ കെഎസ്‍ടിപി അഴിമതി കേസിൽ പുനരന്വേഷണ സാധ്യത പരിശോധിക്കാൻ വിജിലൻസ് ഡയറക്ടറുടെ നിർദേശം. 2007ൽ ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ടും പഴയ മൊഴികളും സ്പെഷ്യൽ ഇൻവസ്‌റ്റിഗേഷൻ യൂണിറ്റ് വീണ്ടും പരിശോധിക്കും. പ്രാഥമിക അന്വേഷണത്തിന് ശേഷമേ കേസ് രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ.

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ കെഎസ്‍ടിപി അഴിമതി കേസ് പുനരന്വേഷണത്തിൽ കരുതലോടെ നീങ്ങാൻ വിജിലൻസ്. ക്ലീൻ ചിറ്റ് നൽകിയ പഴയ റിപ്പോർട്ട് വിശദമായി പരിശോധിക്കാൻ വിജിലൻസ് ഡയറക്ടർ നിർദേശം നൽകി. പുനരന്വേഷണ സാധ്യതയുണ്ടോ എന്ന് രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകണം. സ്പെഷ്യൽ ഇൻവസ്‌റ്റിഗേഷൻ യൂണിറ്റ് ഒന്ന് എസ്പിക്കാണ് നിർദ്ദേശം.

രാജ്യം ശ്രദ്ധിക്കുന്ന അന്വേഷണത്തിലേക്ക് നീങ്ങാനാണ് ആഭ്യന്തര വകുപ്പിൻെറ തീരുമാനം. കെപിസിസി നിർവ്വാഹക സമിതി അംഗത്തിൻെറ പരാതിയിൽ തുടർ നടപടിയെടുക്കാൻ രമേശ് ചെന്നിത്തല നിർദ്ദേശിച്ച ഫയൽ വിജിലൻസ് ‍ഡയറക്ടർ‍ക്ക് കൈമാറിയിരിക്കുകയാണ്. 2007ൽ തീർപ്പാക്കിയ ഫയൽ വീണ്ടും തുറക്കുമ്പോൾ വിജിലൻസിന് മുന്നിൽ കടമ്പകളേറെയാണ്. പതിബെൽ കമ്പനിയുടെ പ്രോജക്ട് ഡയറക്ടർ ലീ സീ ബിൻ ജീവനൊടുക്കുന്നതിലേക്ക് നയിച്ച അഴിമതിയിലാണ് അന്വേഷണം. മരണത്തെ കുറിച്ച് വിജിലൻസിന് അന്വേഷിക്കാൻ പരിമിതിയുണ്ട് . അഴിമതിയിൽ മാത്രമാണ് അന്വേഷണം. ഗ്യാനേഷിനെതിരെ തെളിവുകള്‍ ലഭിച്ചില്ലെന്ന് എഴുതി അടച്ച ഫയലാണ് തുറക്കുന്നത്.

അന്നത്തെ മൊഴികള്‍ വിജിലൻസ് പരിശോധിക്കും. പൊതുഭരണ- ധന- വകുപ്പിലെയും കെഎസ്ടിപി ഉദ്യോഗസ്ഥരുടെയും മൊഴികളുണ്ട്. പതിബല്ലിൻെറ പ്രതിനിധികളുടെ മൊഴിയും ഉണ്ട്. ലീസിബെൻ അഴിമതി ചൂണ്ടികാട്ടി എഴുതിയതായി പറയുന്ന കുറിപ്പ് വിജിലൻസ് ഉദ്യോഗസ്ഥർ വായിച്ചിട്ടില്ല. ഈ കത്ത് ലഭിക്കാൻ വി എസ് സർക്കാരിൻെറ കാലത്ത് ശ്രമം നടത്തിയെങ്കിലും അന്വേഷണ ഏജൻസികള്‍ക്ക് ലഭിച്ചില്ലെന്നാണ് വിവരം. പക്ഷെ പതിബെൽ കമ്പനിയിലെ പ്രതിനിധികള്‍ ബില്ലുകള്‍ മാറുന്നതിലെ കാലതാമസത്തെ കുറിച്ച് മൊഴിയിൽ പറയുന്നുണ്ട്. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടികാട്ടി പിഡബ്ള്യുഡി ഉദ്യോഗസ്ഥർ ആ ആരോപണങ്ങളെ മറികടന്നിട്ടുമുണ്ട്. മുമ്പ് മൊഴി നൽകിയ എല്ലാവരെയുടെയും മൊഴി വീണ്ടും രേഖപ്പെടുത്തുന്നതിലാണ് അന്വേഷണത്തിൻെറ തുടക്കം.

ആദ്യം അന്വേഷണം നടത്തിയ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്നിനാണ് വീണ്ടും അന്വേഷണ ചുമതല. അതേ സമയം ഗ്യാനേഷിനെതിരെ അന്വേഷണത്തിന് മുൻകൂർ അനുമതി വേണ്ടിവരുമെന്നാണ് വിജിലൻസ് കണക്കുകൂട്ടൽ. 20 വ‍ർഷമെന്ന കാലയളവ് പുനരന്വേഷണത്തിന് തടസസമല്ലെന്നാണ് ഡിജിപിയുടെ നിയമോപദേശം. പ്രാഥമിക അന്വേഷണത്തിന് ശേഷമേ കേസ് രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ തീരുമാനമുണ്ടാവുകയുള്ളൂ. ലീ സി ബിന്നിൻെറ ബന്ധുക്കളിൽ നിന്നും മൊഴി രേഖപ്പെടുത്തണമെങ്കിൽ കേന്ദ്ര ഏജൻസികളുടെ സഹായം തേടേണ്ടിവരും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ മന്ത്രി അബ്ദുറഹ്മാനും ആന്‍റോ അഗസ്റ്റിനും ഉൾപ്പെടെ 5 പേർ ആദ്യഘട്ടത്തിൽ പ്രതികളാകും; കേസ് അഴിമതി നിരോധന നിയമപ്രകാരമാകും
തിരുവനന്തപുരം ഡിസിസി ഓഫീസ് ആക്രമണം, ബിജെപി ജില്ലാ സെക്രട്ടറിയടക്കം നാലുപേർ പിടിയിൽ; തെങ്കാശിയിൽ ഒളിവിൽ കഴിയവെ പിടിവീണു