
തിരുവനന്തപുരം: തിരുവനന്തപുരത്തെ കോൺഗ്രസ് ജില്ലാ കമ്മിറ്റി (ഡി സി സി) ഓഫീസ് ആക്രമിച്ച കേസിൽ ബി ജെ പി ജില്ലാ സെക്രട്ടറിയടക്കം നാലുപേർ പോലീസ് പിടിയിലായി. ബി ജെ പി ജില്ലാ സെക്രട്ടറി അഡ്വ. പ്രദീപ്, ശ്രീലാൽ എന്നിവരും ഇവർക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയ മറ്റ് രണ്ടുപേരുമാണ് അറസ്റ്റിലായത്. തമിഴ്‌നാട്ടിലെ തെങ്കാശിയിലുള്ള ഒളിയിടത്തിൽ നിന്നാണ് പ്രധാന പ്രതികളെ പോലീസ് തന്ത്രപരമായി പിടികൂടിയത്. കേസിലെ മുഖ്യപ്രതിയായ ശ്രീലാലാണ് ഡി സി സി ഓഫീസിന് നേരെ കല്ലെറിഞ്ഞതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ബി ജെ പി കുളത്തൂർ മണ്ഡലം പ്രസിഡന്‍റാണ് ശ്രീലാൽ. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. തുടർന്നാണ് തെങ്കാശിയിലെ രഹസ്യകേന്ദ്രത്തിൽ നിന്ന് ഇവരെയും ഒളിവിൽ കഴിയാൻ സഹായിച്ച രണ്ടുപേരെയും പോലീസ് വലയിലാക്കിയത്. കമ്മീഷണറുടെ പ്രത്യേക സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ ഉടൻ തിരുവനന്തപുരത്തെത്തിച്ച് കോടതിയിൽ ഹാജരാക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദർശനത്തിനിടെ കരിങ്കൊടി കാട്ടിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ തുടർച്ചയായാണ് തിരുവനന്തപുരം ഡി സി സി ഓഫീസിലേക്ക് ആക്രമണം നടത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam