
തൃശ്ശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിൽ നിർണ്ണായക വെളിപ്പെടുത്തലുമായി പദ്ധതിയുടെ മുൻ കൺസൽട്ടൻറായ ഹാബിറ്റാറ്റ് ചെയർമാൻ ജി ശങ്കർ. ലൈഫ് മിഷൻ ആവശ്യപ്പെട്ടതനുസരിച്ച് ചെലവ് ചുരുക്കി പദ്ധതി രേഖ പുതുക്കുന്നതിനിടെ പദ്ധതി നിർത്തുകയാണെന്ന് അറിയിച്ചെന്ന് ശങ്കർ പറഞ്ഞു. സ്പോൺസർ പിന്മാറിയെന്നാണ് തെറ്റിദ്ധരിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
എങ്ങിനെ ഹാബിറ്റാറ്റ് നൽകിയ പദ്ധതി രേഖ ഒഴിവാക്കി യൂണിടാക് രംഗത്തെത്തി എന്നതായിരുന്നു ലൈഫ് ഇടപാടിലെ ഏറ്റവും പ്രധാന ചോദ്യം. വിവരാവകാശ നിയമപ്രകാരം ലഭിച്ച ഫയലുകളിലൊന്നും ഇതിനുള്ള കാരണം ലൈഫ് മിഷൻ പറയുന്നില്ല. പ്രൊജക്ട് മാനേജ്മെൻറ് കൺസൽട്ടൻറ് എന്ന നിലക്കാണ് 234 യൂണിറ്റുള്ള 32 കോടിയുടെ പദ്ധതി തയ്യാറാക്കിയത്. തുക കുറക്കാൻ ലൈഫ് മിഷൻ ആവശ്യപ്പെട്ടത് അനുസരിച്ച് പിന്നീട് 203 യൂണിറ്റുള്ള 27.50 കോടിയുടെ പദ്ധതിരേഖ നൽകി. സ്പോൺസർ നൽകുന്ന സാമ്പത്തിക സഹായത്തിന് അനുസരിച്ച് 15 കോടിയിൽ താഴെ ചെലവ് ചുരുക്കാനാവശ്യപ്പെട്ടു. ലൈഫ് മിഷനും റെഡ് ക്രസൻറുമായുള്ള ധാരണപത്രത്തിന് ശേഷം ജൂലൈ 18നാണ് കത്തിലൂടെ യുവി ജോസ് ഇക്കാര്യം ആവശ്യപ്പെട്ടത്.
"യൂണിടാക്കിനെ കുറിച്ച് അറിയില്ല. ഹാബിറ്റാറ്റ് നൽകിയ പദ്ധതി രേഖയിൽ യൂണിടാക്ക് എന്ത് മാറ്റം വരുത്തി എന്നും വ്യക്തമല്ല. പദ്ധതി നിർത്തി എന്നറയിച്ചതിന് പിന്നാലെ പല കാരണങ്ങളാൽ കഴിഞ്ഞ ഒക്ടോബറോടെ ഹാബിറ്റാറ്റ് ലൈഫ് മിഷൻറെ കൺസൽട്ടൻസി പദവി തന്നെ ഒഴിഞ്ഞു." വൻതുക ക്വോട്ട് ചെയ്തത് കൊണ്ട് ഹാബിറ്റാറ്റിനെ ഒഴിവാക്കി കുറഞ്ഞ തുക നിർദ്ദേശിച്ച യൂണിടാക്കിനെ സ്വീകരിച്ചെന്ന വാദമാണ് ശങ്കറിന്റെ വിശദീകരണത്തോടെ പൊളിയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam