ഹജ്ജ് ക്യാംപിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തുടക്കം; ആദ്യ വിമാനം നാളെ പുറപ്പെടും

By Web TeamFirst Published Jul 13, 2019, 11:06 AM IST
Highlights

ക്യാംപിന്റെ ഉദ്ഘാടനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സിയാല്‍ അക്കാദമിയില്‍ വച്ച് മന്ത്രി കെടി ജലീൽ നിർവഹിക്കും. ആദ്യ സംഘം തീർഥാടകരുമായി ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് വിമാനം പുറപ്പെടും.

കൊച്ചി: ഈ വര്‍ഷത്തെ ഹജ്ജ് ക്യാംപിന് നെടുമ്പാശ്ശേരിയിൽ ഇന്ന് തുടക്കമാകും. ക്യാംപിന്റെ ഉദ്ഘാടനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സിയാല്‍ അക്കാദമിയില്‍ വച്ച് മന്ത്രി കെടി ജലീൽ നിർവഹിക്കും. ആദ്യ സംഘം തീർഥാടകരുമായി ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വിമാനം പുറപ്പെടുക.

നാളെ മുതല്‍ ഈ മാസം 17 വരെ എട്ട് സര്‍വീസുകളാണ് ഇക്കുറി നെടുമ്പാശ്ശേരിയിൽ നിന്നുണ്ടാവുക. ഉച്ചക്കുശേഷമാണ് സർവീസുകൾ. ഓരോ വിമാനത്തിലും 340 തീര്‍ത്ഥാടകരാണുണ്ടാവുക. 2,740 തീർഥാടകരാണ് ഈ വർഷം നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപിൽ നിന്ന് യാത്രപുറപ്പെടുന്നത്. സംസ്ഥാനത്ത് നിന്നുള്ള തീർത്ഥാടകർക്ക് പുറമെ ലക്ഷദ്വീപിൽ നിന്നുള്ള ഹാജിമാരും നെടുമ്പാശ്ശേരിയിൽ നിന്ന് യാത്ര പുറപ്പെടും.

സിയാൽ അക്കാദമി ബ്ലോക്കിലും പ്രത്യേകം സജ്ജീകരിച്ച ടെന്റുകളിലുമാണ് തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. നിസ്കാര സ്ഥലം, കോൺഫറൻസ് ഹാൾ, വിശ്രമ കേന്ദ്രം എന്നിവ താത്‌കാലിക പന്തലിലും ഒരുക്കിയിട്ടുണ്ട്. തീർത്ഥാടകർക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ടി 3 ടെർമിനലിലാണ് രജിസ്ട്രേഷൻ കൗണ്ടർ ക്രമീകരിച്ചിരിക്കുന്നത്.

മദീനയിൽ എത്തുന്ന തീർത്ഥാടകർ അവിടെ നിന്നാണ് ഹജ്ജ് കർമം നിർവഹിക്കുന്നതിനായി മക്കയിൽ എത്തുക. ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ ഒന്നു വരെയാണ് ഹജ്ജ് തീർത്ഥയാത്ര. ജിദ്ദ വിമാനത്താവളത്തിൽനിന്നാണ് തീർത്ഥാടകർ മടങ്ങുക.   

click me!