Latest Videos

യൂണിവേഴ്സിറ്റി കോളേജ് സംഘർഷം: അഖിലിനെ കുത്തിയത് കൊല്ലാനുള്ള ഉദ്ദേശ്യത്തോടെയെന്ന് പൊലീസ്

By Web TeamFirst Published Jul 13, 2019, 10:29 AM IST
Highlights

എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത് ആണ് ബിരുദ വിദ്യാർഥിയായ അഖിലിനെ കുത്തിപ്പരിക്കേൽപ്പിച്ചത്. യൂണിറ്റ് കമ്മിറ്റി അംഗങ്ങളുടെ നിർദ്ദേശം അനുസരിക്കാത്തതിലുള്ള വിദ്വേഷമാണ് ആക്രമണത്തിന് പിന്നിലെന്നും എഫ്ഐആറിൽ പറയുന്നു. 

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർഥിയെ കുത്തിപരിക്കേൽപ്പിച്ചത് കൊല്ലാനുള്ള ഉദ്ദേശ്യത്തോടെ എന്ന് എഫ്ഐആർ. എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത് ആണ് ബിരുദ വിദ്യാർഥിയായ അഖിലിനെ കുത്തിപ്പരിക്കേൽപ്പിച്ചത്. യൂണിറ്റ് കമ്മിറ്റി അംഗങ്ങളുടെ നിർദ്ദേശം അനുസരിക്കാത്തതിലുള്ള വിദ്വേഷമാണ് ആക്രമണത്തിന് പിന്നിലെന്നും എഫ്ഐആറിൽ പറയുന്നു. 

യൂണിറ്റ് കമ്മിറ്റി അം​ഗങ്ങൾ അടിച്ചേൽപ്പിക്കുന്ന കാര്യങ്ങൾ അനുസരിക്കാത്തതിനാൽ അഖിലിനോടും മറ്റ് വിദ്യാർഥികളോടും അം​ഗങ്ങൾക്ക് വിദ്വേഷമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കാന്റീനിൽ വച്ച് പാട്ട് പാടിയതുമായി ബന്ധപ്പെട്ട് അഖിലും യൂണിറ്റ് അം​ഗങ്ങളുമായി വാക്കേറ്റമുണ്ടായിരുന്നു. അടുത്ത ദിവസം കോളേജിലെത്തിയ അഖിലിനെ കേസിലെ രണ്ടാം പ്രതിയായ നസീം മർദ്ദിച്ചിരുന്നു. തുടർന്ന് കേസിലെ ഒന്നാം പ്രതിയായ ശിവരഞ്ജിത് അഖിലിനെ കൊല്ലാനുള്ള ഉദ്ദേശ്യത്തോടുകൂടി ആയുധമുപയോ​ഗിച്ച് നെഞ്ചിൽ കുത്തുകയായിരുന്നെന്നും എഫ്ഐആറിൽ പറയുന്നു. ഇതനുസരിച്ചാണ് പൊലീസ് പ്രതികൾക്കെതിരെ കേസെടുത്തത്. 
 
അഖിലിനൊപ്പം ആക്രമണത്തിൽ പരുക്കേറ്റ വി​ദ്യാർഥിയുടെ മൊഴി രേഖപ്പെടുത്തിയാണ് കന്റോണ്‍മെന്‍റ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.  കേസിൽ സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്, യൂണിറ്റ് സെക്രട്ടറി നസീം, അമർ, അദ്വൈദ്, ആദിൽ, ആരോമൽ, ഇബ്രാഹിം എന്നിവർക്കെതിരെയാണ് വധശ്രമത്തിന് പൊലീസ് കേസെടുത്തത്. കണ്ടാലറിയുന്ന മുപ്പത് പേരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. ഇന്നലെ പ്രതികൾ എത്താൻ സാധ്യതയുള്ള മിക്ക സ്ഥലങ്ങളിലും പൊലീസ് പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. എന്നാൽ പ്രതികളില്‍ ചിലർ ഇന്ന് പൊലീസിൽ കീഴടങ്ങുമെന്നാണ് സൂചന. 

click me!