
കൊല്ലം: ചവറ ഉപജില്ലാ സ്കൂൾ കായികമേളയ്ക്കിടെ ഹാമർ വീണ് മത്സരാർത്ഥിയുടെ അമ്മയുടെ തലയ്ക്ക് ഗുരുതര പരുക്ക്. മൈനാഗപ്പളളി സ്വദേശിനി മാജിദയ്ക്കാണ് പരിക്കേറ്റത്. ശാസ്താംകോട്ട ഡിബി കോളജ് മൈതാനത്ത് ഇന്നലെ വൈകീട്ട് ഹാമർ ത്രോ മത്സരത്തിനിടെയായിരുന്നു അപകടം.
ആറാം ക്ലാസുകാരനായ മകൻ ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുന്നത് കാണാനെത്തിയതായിരുന്നു മാജിദ. വൈകീട്ട് അഞ്ച് മണിയോടെ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഹാമര്‍ ത്രോ മത്സരം ആരംഭിച്ചു. ഇതിനിടയിൽ മത്സരാർത്ഥി എറിഞ്ഞ ഹാമർ മാജിദയുടെ തലയിൽ പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സുരക്ഷ ഒരുക്കാതെയാണ് മൽസരങ്ങൾ നടത്തിയതെന്നാണ് മാജിദയുടെ കുടുംബത്തിന്റെ ആരോപണം.
2019 ഒക്ടോബറിൽ പാലായിൽ നടന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് മീറ്റിനിടെയാണ് ഹാമർ പതിച്ച് വിദ്യാർത്ഥിയായ അഫീൽ ജോൺസൺ മരിച്ചത്. ഇതിനു പിന്നാലെ എല്ലാ കായിക മേളയിലും കൃത്യമായ സുരക്ഷാ മാനദണ്ഡം ഉറപ്പാക്കി വേണം മത്സരം നടത്താനെന്ന് നിർദേശം പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇതെല്ലാം അവഗണിച്ചാണ് സംസ്ഥാനത്തെ സ്കൂൾ കായികമേളകൾ നടത്തുന്നത് എന്നതിലേക്കാണ് ചവറയിവലെ അപകടം വിരൽ ചൂണ്ടുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam