
തിരുവനന്തപുരം: വിഴിഞ്ഞത്തെ അദാനി - എംഎസ്‍സി ഓഹരി കൈമാറ്റം നിയമവിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. 25 ശതമാനത്തിൽ അധികം ഓഹരി കൈമാറ്റം വേണമെങ്കിൽ സംസ്ഥാന സർക്കാരിൻറെ മുൻകൂർ അംഗീകാരം ആവശ്യമാണ്. അതാണ് കരാറിലെ വ്യവസ്ഥ. സംസ്ഥാന സർക്കാരിന്‍റെ അറിവോടെയുള്ള നീക്കമാണോ നടന്നതെന്ന് പിണറായി വിജയൻ ചോദിച്ചു. ജൂൺ 29 തന്നെ കരാർ ഒപ്പിട്ടു കഴിഞ്ഞു. കരാർ ലംഘിച്ചതിന് സർക്കാർ ഏത് തരത്തിലുള്ള നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കണം. വലിയ വിദേശ നിക്ഷേപം എന്ന രീതിയിൽ പ്രചാരണം ഉണ്ട്. ഓഹരി കൈ മാറ്റത്തിലൂടെ അദാനി ഗ്രൂപ്പിന് ലാഭമുണ്ടാക്കാനുള്ള ഇടപാടാണ് നടന്നിരിക്കുന്നതെന്നും പിണറായി വിജയൻ വിമർശിച്ചു.
കോർപറേറ്റ് മുതലാളിമാരുടെ ലാഭക്കൊതിക്ക് കുടപിടിക്കുന്ന സർക്കാരിന്‍റെ യഥാർത്ഥ മുഖം കണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നാടിന്‍റെ താൽപര്യം കണക്കിലെടുക്കപ്പെടുന്നില്ല. നിയമസഭാ നടപടിക്രമങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തുകയാണ്. പുതിയ ബജറ്റിന്‍റെ ഷെഡ്യൂളിൽ ധനകാര്യ ബില്ല് ഉണ്ടായിരുന്നില്ല. മദ്യത്തിന്‍റെ നികുതി ഘടനയിലെ മാറ്റം തുടക്കത്തിൽ ആലോചനയിൽ ഇല്ലായിരുന്നു എന്നതിന് തെളിവാണിത്. മദ്യ കമ്പനികൾക്ക് ലാഭമുണ്ടാക്കാനാണ് രണ്ടാം ഘട്ടത്തിൽ ധനകാര്യ ബില്ല് തിരുകി കയറ്റിയത്. മുഖ്യമന്ത്രി വി ഡി സതീശൻ നിരന്തരം സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പിണറായി വിജയൻ വിമർശിച്ചു.
ക്രമവിരുദ്ധമായി ധനബില്ല് ധൃതി പിടിച്ച് പാസാക്കാൻ സർക്കാർ ശ്രമിച്ചതിന് പിന്നിൽ നിഷിപ്ത താൽപര്യമാണ്. ഒരു തരത്തിൽ ഒളിച്ച് കടത്തലാണ് മുഖ്യമന്ത്രി ചെയ്തത്. മദ്യ കമ്പനികളെ സഹായിക്കലായിരുന്നു ഗൂഢലക്ഷ്യം. പുതിയ നികുതി നിർദ്ദേശത്തിന് സബ്ജക്റ്റ് കമ്മിറ്റി പരിശോധന വേണമായിരുന്നു. അതിന് സമയമോ സാവകാശമോ നൽകിയില്ല. അനാവശ്യ ധൃതിയും വാശിയും ധനബില്ല് പാസാക്കാൻ സർക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായി. ഏത് മാർഗ്ഗവും ഉപയോഗിച്ച് മദ്യകമ്പനികൾക്ക് നികുതിയിളവ് നൽകണമെന്ന വാശിയിലായിരുന്നു മുഖ്യമന്ത്രി. യുഡിഎഫ് ആണ് അവസാനവാക്കെന്ന് മുഖ്യമന്ത്രി പറയുന്നു. അതേസമയം എല്ലാം യുഡിഎഫ് തീരുമാനിക്കുമെന്ന വാക്ക് മുഖ്യമന്ത്രി പ്രഹസനം ആക്കി. മുഖ്യമന്ത്രിയൊഴികെ മറ്റാരും മദ്യത്തിന്‍റെ നികുതിയിളവ് തീരുമാനം അറിഞ്ഞില്ല. മതസാമുദായിക നേതൃത്വത്തിൽ നിന്ന് ഉയർന്ന എതിർപ്പും മുഖ്യമന്ത്രി കണക്കിലെടുക്കുന്നില്ലെന്ന് പിണറായി വിജയൻ ആരോപിച്ചു.
അസ്വസ്ഥനായി സംസാരിക്കുന്ന മുഖ്യമന്ത്രിയെ ആണ് സഭയിൽ കണ്ടത്. അദ്ദേഹം പറയുന്നതെല്ലാം വിദണ്ഡ വാദങ്ങളാണ്. ബെവ്കോ വിൽക്കാൻ തീരുമാനിച്ചില്ലെങ്കിൽ നികുതി ഇളവിന് എന്തിനായിരുന്നു ഇത്ര തിടുക്കം. കോൾഡ് സ്റ്റോറേജിൽ വയ്ക്കാനുള്ളതാണോ നിയമനിർമ്മാണമെന്നും പ്രതിപക്ഷ നേതാവ് ചോദിക്കുന്നു. മദ്യകമ്പനികൾ ഇനി കോടതിയെ സമീപിച്ച് മദ്യവിൽപ്പനക്ക് അനുകൂല ഉത്തരവ് നേടുമെന്നും പിണറായി വിജയൻ പറഞ്ഞു.
പ്രതിപക്ഷം വിഷയങ്ങളെ പെരുപ്പിക്കുകയാണെന്നും പ്രതിപക്ഷത്തോടൊപ്പം വേറെ ചിലരും കൂടിയെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. അത് മറ്റാരും അല്ല വി എം സുധീരനടക്കമുള്ള കോൺഗ്രസ് നേതാക്കളും യുഡിഎഫ് ഘടകകക്ഷി നേതാക്കളും സമുദായ നേതൃത്വങ്ങളുമാണെന്നും അവരെയാണോ വി ഡി സതീശൻ ഉദ്ദേശിച്ചതെന്നും പിണറായി വിജയൻ ചോദിച്ചു. സർക്കാരിന്‍റെ പ്രവർത്തനങ്ങളിൽ കേരള താൽപര്യത്തിന് അനുകൂലമായവ പിന്തുണക്കുകയും അല്ലാത്തവ എതിർക്കുകയും ചെയ്യുമെന്നും പിണറായി വിജയൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam