
മലപ്പുറം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് 80 ശതമാനത്തോളം ശാരീരിക-മാനസിക വൈകല്യം സംഭവിച്ച യുവാവിന് ഒരു കോടി അഞ്ച് ലക്ഷം (1.05 കോടി) രൂപ നഷ്ടപരിഹാരം നൽകാൻ മഞ്ചേരി മോട്ടോർ ആക്‌സിഡന്റ് ക്ലൈം ട്രൈബ്യൂണൽ (മാക്റ്റ്) ഉത്തരവിട്ടു. കിഴിശ്ശേരി തവനൂർ ഒന്നാംമൈൽ സ്വദേശി കിണറ്റിങ്ങൽ വീട്ടിൽ മുബഷിറിനാണ് ട്രൈബ്യൂണൽ ജഡ്ജി ഈ വൻ തുക നഷ്ടപരിഹാരമായി അനുവദിച്ചത്. 2021 നവംബർ മൂന്നിനായിരുന്നു കേസിനാസ്പദമായ അപകടം നടന്നത്. മുബഷിർ വഴിയരികിലൂടെ നടന്നുപോകുന്നതിനിടെ നിയന്ത്രണം വിട്ട മോട്ടോർ സൈക്കിൾ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ മുബഷിറിന്റെ തലയോട്ടിക്ക് പൊട്ടലുണ്ടായി. അപകടത്തെ തുടർന്ന് ഏറെക്കാലം ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിരവധി സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്കും വിധേയനാക്കിയെങ്കിലും മുബഷിറിന് പൂർണ്ണ ആരോഗ്യസ്ഥിതി വീണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ മുബഷിറിന് 80 ശതമാനം സ്ഥിരമായ ശാരീരിക-മാനസിക വൈകല്യം സംഭവിച്ചതായി മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് കോടതി ഒരു കോടി രൂപ നഷ്ടപരിഹാരമായി അനുവദിച്ച് ഉത്തരവിട്ടത്. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഇൻഷുറൻസ് പങ്കാളികളായ യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയാണ് കോടതി വിധിച്ച തുക മുബഷിറിന് നൽകേണ്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam