
കൊച്ചി: മുസ്ലിം വിദ്വേഷ പരാമർശ കേസിൽ പി സി ജോർജിന് ആശ്വാസം. കേസിൽ പിസി ജോര്‍ജ് നൽകിയ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി അനുവദിച്ചു. പിസി ജോര്‍ജ് മുതിര്‍ന്ന രാഷ്ട്രീയ നേതാവാണെന്നും ശ്രദ്ധ പുലര്‍ത്തണമെന്നും കോടതി വ്യക്തമാക്കി. കേസ് ഇനി പരിഗണിക്കുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞുകൊണ്ട് കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചത്. ഹര്‍ജിയിൽ പൊലീസിനോട് കോടതി വിശദീകരണം തേടി.
പിസി ജോര്‍ജിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ കോട്ടയം അഡീഷണൽ സെഷൻസ് കോടതി തള്ളിയിരുന്നു.നാലു തവണ മുൻകൂര്‍ ജാമ്യാപേക്ഷ മാറ്റിവെച്ചശേഷമാണ് ഇന്നലെ കോട്ടയം അഡീഷണൽ സെഷൻസ് കോടതി ഹര്‍ജി തള്ളിയത്. ഹര്‍ജിയിൽ തീരുമാനമാകുന്നതുവരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഹര്‍ജി തള്ളിയതോടെ ഇന്ന് ഹൈക്കോടതിയിൽ മുൻകൂര്‍ ജാമ്യാപേക്ഷ നൽകിയത്.
ഇക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനൽ ചർച്ചയിൽ പി സി ജോർജ് നടത്തിയ പരാമർശത്തിനെതിരെ ഈരാറ്റുപേട്ട പൊലീസ് ആണ് കേസെടുത്തത്. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തയിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്. ചര്‍ച്ചക്കിടെ പിസി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam