
കോട്ടയം: വിദ്വേഷ പ്രസംഗ കേസിൽ ജനപക്ഷം നേതാവ് പി.സി.ജോർജിന് വീണ്ടും പൊലീസിന്റെ നോട്ടീസ്. മറ്റന്നാൾ രാവിലെ 11 മണിക്ക് തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ എത്താനാണ് നിർദേശം. ഇന്നലെ ആണ് നോട്ടീസ് നൽകിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനിടെ പി.സി.ജോർജിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത് വിവാദമായിരുന്നു. തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗ കേസിൽ ജാമ്യം കിട്ടിയ ശേഷം ഹാജരാകാൻ ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. എന്നാൽ ആരോഗ്യപ്രശ്നങ്ങളും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനുള്ളതും ചൂണ്ടിക്കാട്ടി ഹാജരാകാനാകില്ലെന്ന് പി.സി.ജോർജ് മറുപടി നൽകിയിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന ഘട്ടത്തിൽ ഹജരാകണം എന്ന ഉപാധിയോടെയാണ് പി.സി.ജോർജിന് ഹൈക്കോടതി ജാമ്യം നൽകിയത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ മുഖ്യമന്ത്രിയാണ് തന്റെ അറസ്റ്റിന് പിന്നിലെന്നും മുഖ്യമന്ത്രിക്ക് തൃക്കാക്കരയിൽ മറുപടി നൽകുമെന്നും പി.സി.ജോർജ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ജോർജിന് പൊലീസ് നോട്ടീസ് അയച്ചത്.
അനന്തപുരി ഹിന്ദുമഹാ സമ്മേളത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിലാണ് പി.സി.ജോർജിനെതിരെ ആദ്യം പൊലീസ് കേസെടുത്തത്. ഉത്തരേന്ത്യയിലെ ചില തീവ്ര നിലപാടുള്ള നേതാക്കളെ പോലും കടത്തിവെട്ടും വിധത്തിലുള്ള ജോർജിന്‍റെ പ്രസംഗം വൻ വിവാദത്തിലായിരുന്നു. 153 എ, 295 എ എന്നീ വകുപ്പുകൾ ചുമത്തി ജോര്‍ജിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിലിരിക്കെയാണ് പി.സി.ജോർജ് കൊച്ചിയിലെ വെണ്ണലയിൽ വീണ്ടും വിദ്വേഷ പ്രസംഗം നടത്തിയത്.
വിദ്വേഷം പരത്തുന്ന വാക്കുകൾ ഉപയോഗിച്ച് സാമൂഹിക ഐക്യം തകർക്കാനും മനഃപൂർവ്വം സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചതിനുമാണ് 153 എ വകുപ്പ് ചുമത്തിയത്. വാക്കും പ്രവൃത്തിയും കൊണ്ട് ഒരു മതത്തെയോ മതവികാരത്തെയും വ്രണപ്പെടുത്തിയതിനാണ് സെക്ഷൻ 295 എ യും ചുമത്തിയത്. കേസില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ചിരുന്നുവെങ്കിലും പാലാരിവട്ടത്ത് വീണ്ടും സമാനമായ രീതിയില്‍ വിദ്വേഷ പ്രസംഗം നടത്തി. തുടര്‍ന്ന് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി കോടതി അംഗീകരിച്ചതോടെ പി.സി.ജോര്‍ജിനെ ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. വെണ്ണല കേസിലും ഹൈക്കോടതി പി.സി.ജോർജിന് ജാമ്യം അനുവദിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam