
പത്തനംതിട്ട: പമ്പയിലെ ആഗോള അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് നടന്ന ശബരിമല സംരക്ഷണ സംഗമത്തിൽ വിദ്വേഷ പ്രസംഗം നടത്തിയെന്ന് പരാതി. ശ്രീരാമദാസമിഷൻ അധ്യക്ഷൻ ശാന്താനന്തയ്ക്കെതിരെയാണ് പൊലീസിൽ പരാതി. പന്തളം രാജകുടുംബാംഗമായ എ.ആർ. പ്രദീപ് വർമ്മ ആണ് പൊലീസിൽ പരാതി നൽകിയത്. വാവർ സ്വാമിയെ മുസ്ലിം തീവ്രവാദിയായും ആക്രമണകാരിയായും ചിത്രീകരിച്ചുവെന്നാണ് പരാതിയിലെ ആരോപണം. കോൺഗ്രസ് മാധ്യമ വക്താവ് വി. ആർ. അനൂപും വിദ്വേഷ പ്രസംഗത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്. കേസെടുക്കണമെന്നാണ് ആവശ്യം. പരാതികള്‍ പൊലീസ് സ്വീകരിച്ചിട്ടുണ്ട്. പ്രസംഗം പരിശോധിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നാണ് പന്തളം പൊലീസ് വ്യക്തമാക്കുന്നത്.അതേസമയം, സിപിഎം ഏരിയ കമ്മിറ്റി അംഗമായ പന്തളം രാജകുടുംബാംഗമായ പ്രദീപ് വർമ്മ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പരാതി നൽകിയതെന്നാണ് ബിജെപിയുടെ ആരോപണം.