
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍ -ഡിസംബര്‍ മാസങ്ങളിലായി നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിന് മുമ്പ് വോട്ടര്‍ പട്ടിക പുതുക്കാൻ ഒരു അവസരം കൂടി നൽകും. അതേ സമയം തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കാത്ത രീതിയിൽ എസ്ഐആർ നീട്ടിവെക്കണമെന്ന ആവശ്യത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. ഇനി തെരഞ്ഞെടുപ്പ് കാലമാണ്. പഞ്ചായത്തുകളിലേയ്ക്കും നഗരസഭകളിലേയ്ക്കുമുള്ള തെരഞ്ഞെടുപ്പിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അടുത്ത മാസം അവസാനത്തോടെ പൂര്‍ണമായും ഒരുങ്ങും.
ഡിസംബര്‍ 20 ന് മുൻപ് തെരഞ്ഞെടുപ്പ് പ്രകിയ പൂര്‍ത്തിയാക്കും. അതേ സമയം 2002 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി നിയമസഭയിലേയ്ക്കും പാര്‍ലമെന്‍റിലേയ്ക്കുമുള്ള വോട്ടര്‍ പട്ടിക പരിഷ്കരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. പക്ഷേ ഇത് തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് വേണ്ടെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യം. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വഴി ഇക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാനും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തൻ കേൽക്കറും തമ്മിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി.
തദ്ദേശ തെരഞ്ഞെടുപ്പിന്‍റെയും സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്‍റെയും ചുമതലകള്‍ വഹിക്കേണ്ടത് കളക്ടര്‍മാരും ഡെപ്യൂട്ടി കളക്ടര്‍മാരും അടക്കം ഒരേ ഉദ്യോഗസ്ഥരാണ്. ഒരു സമയം രണ്ടു ജോലികള്‍ വരുന്നത് തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതിനാലാണ്. വോട്ടര്‍ പട്ടിക പരിഷ്കരണം മാറ്റണമെന്ന കമ്മീഷൻ ആവശ്യം. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച സര്‍വകക്ഷി യോഗത്തിലും സമാന ആവശ്യം ഉയര്‍ന്നിരുന്നു. 23 വര്‍ഷം മുന്പുള്ള വോട്ടര്‍ പട്ടിക ആധാരമാക്കി എസ്ഐഅര്‍ നടത്തുന്നതിനെ എൽഡിഎഫും യുഡിഎഫും എതിര്‍ക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam