
ആലപ്പുഴ: പി സി ജോർജിന്റെ (PC George) അഭിപ്രായങ്ങൾക്ക് വില കൽപ്പിക്കേണ്ടതില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ (Vellappally Natesan). ഇത്തരം പരാമർശങ്ങള്‍ പി സി ജോര്‍ജ് മുമ്പും നടത്തിയിട്ടുണ്ട്. അയാൾ ആരെയാണ് അധിക്ഷേപിക്കാത്തതെന്നും വെള്ളപ്പള്ളി ചോദിച്ചു. തനിക്കെതിരെയും സമുദായത്തിനെതിരെയും പി സി ജോര്‍ജ് പറഞ്ഞിട്ടുണ്ട്. ബിജെപി
പി സി ജോർജിനെ പിന്തുണച്ചത് രാഷ്ട്രീയത്തിന്റെ ഭാഗമായിരിക്കുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
വെള്ളിയാഴ്ച്ച അനന്തപുരി ഹിന്ദുമഹാ സമ്മേളത്തിലെ വിദ്വേഷ പ്രസംഗത്തിലാണ് മുൻ എംഎൽഎ പി സി ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തരേന്ത്യയിലെ ചില തീവ്ര നിലപാടുള്ള നേതാക്കളെ പോലും കടത്തിവെട്ടും വിധത്തിലുള്ള ജോർജിന്‍റെ പ്രസംഗം വൻ വിവാദത്തിലായിരുന്നു. അതേസമയം, മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത പി സി ജോര്‍ജിന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു.
മതവിദ്വേഷ പരാമർശങ്ങൾ നടത്തരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വഞ്ചിയൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. ഇതിനിടെ പി സി ജോര്‍ജിനെ മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കുമ്പോള്‍ സര്‍ക്കാര്‍ വാദം പറയാൻ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഹാജരാകാതിരുന്നത് വിവാദമായിട്ടുണ്ട്.
ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നില്ലെന്ന് അസിസ്റ്റന്‍റ് പബ്ലിക്ക് പ്രോസിക്യൂട്ടർ വിശദീകരിച്ചു. പി സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത് മുതലുള്ള നാടകീയ രംഗങ്ങളുടെ രണ്ടാംഭാഗം അരങ്ങേറിയത് വഞ്ചിയൂരിലെ മജിസ്ട്രേട്ടിന്‍റെ വീട്ടിലാണ്. ജോർജിന് വേണ്ടി മുതിർന്ന അഭിഭാഷകനാണ് എത്തിയത്. എന്നാല്‍, ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പി സി ജോര്‍ജിനെ റിമാൻഡ് ചെയ്യണമെന്ന് ആവശ്യപെടാൻ പ്രോസിക്യൂട്ടർ എത്തിയില്ല. എപിപി എവിടെയെന്ന മജിസ്ട്രേറ്റിന്‍റെ ചോദ്യത്തിന് പൊലീസിന് ഉത്തരമില്ലായിരുന്നു. പൊലീസ് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടില്ലന്ന് അസി. പബ്ലിക് പ്രോസിക്യൂട്ടർ വി എം ഉമ വിശദീകരിച്ചു.
റിമാൻഡ് റിപ്പോര്‍ട്ടിന്റെ പകർപ്പ് വാട്സ് ആപ് വഴി നൽകുക മാത്രമാണ് പൊലീസ് ചെയ്തതെന്നും എപിപി പറഞ്ഞു. പ്രോസിക്യൂട്ടറുടെ അഭാവത്തിൽ ജോർജിനെ 14 ദിവസം റിമാൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത് പൊലീസാണ്. എന്നാൽ, ജാമ്യം നൽകാവുന്ന വകുപ്പാണ് ചുമത്തിയതെന്നും ജാമ്യം നൽകണമെന്നും പിസിയുടെ അഭിഭാഷകൻ വാദിച്ചു. പൊലീസ് ആവശ്യങ്ങൾ തള്ളിക്കൊണ്ടാണ് ജാമ്യം നൽകിയത്. എപിപി എത്താത്തത് കൊണ്ട് ജാമ്യാപേക്ഷ മജിസ്ട്രേറ്റ് മാറ്റിവെക്കുമെന്ന ധാരണയിലായിരുന്നു പൊലീസ്. പ്രമാദമായ കേസിലെ പൊലീസ് നടപടിയിലുണ്ടായ വീഴ്ചയാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്. പി സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്ത ശേഷം സ്വന്തം വാഹനത്തിൽ വരാൻ അനുവദിച്ചതിനെ പ്രതിപക്ഷം വിമർശിക്കുമ്പോഴാണ് ജാമ്യഹർജിയിലുണ്ടായ അലംഭാവത്തിന്‍റെ വിവരങ്ങളും പുറത്ത് വരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam