
ദില്ലി: ഹാഥ്റസ് കേസ് ഉത്തർപ്രദേശിന് പുറത്തേക്ക് മാറ്റുന്നതിനെ എതിർക്കാൻ യുപിസർക്കാർ തീരുമാനിച്ചു. സിബിഐ അന്വേഷണം സുപ്രീംകോടതി മേൽനോട്ടത്തിലാകാം എന്നറിയിച്ചത് ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകാനാണ് തീരുമാനം. ലക്നൗവിൽ ചേര്‍ന്ന ഉന്നത തല യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. കേസ് ദില്ലിയിലേക്കോ മുംബൈയിലേക്കോ മാറ്റണം എന്ന കുടുംബത്തിൻറെ ആവശ്യം അടുത്ത മാസം രണ്ടിന് പരിഗണിക്കാനായി അലഹബാദ് ഹൈക്കോടതി മാറ്റിയിരുന്നു.
അതിനിടെ കേസ് ഏറ്റെടുത്ത സിബിഐ സംഘം ഹാഥ്റസിൽ എത്തി പെൺകുട്ടിയുടെ ബന്ധുക്കളെ കണ്ടു. ഹാഥ്റസിൽ പത്തൊമ്പതുകാരി ബലാൽസംഘത്തിനിരയായ പാടത്ത് എത്തിയാണ് സിബിഐ സംഘം ഇന്ന് തെളിവെടുപ്പ് തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിൽ പെണകുട്ടിയുടെ ബന്ധുക്കളുടെ മൊഴി വിശദമായി രേഖപ്പെടുത്താനാണ് സിബിഐ തീരുമാനം. കൊലപാതകം, കൂട്ടബലാൽസംഗം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് സിബിഐയുടെയും എഫ്ഐആർ. കേസ് അന്വേഷണത്തിൻറെ വിവരങ്ങൾ പുറത്തുവിടരുതെന്ന നിർദ്ദേശം നല്കണമെന്ന് പെൺകുട്ടിയുടെ കുടുംബം ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം ഹാഥ്റസിലേക്ക് പോകും വഴി അറസ്റ്റിലായ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണമെന്ന് എളമരം കരീം എംപി വാർത്താവിതരണ മന്ത്രി പ്രകാശ് ജാവദേക്കറെ കണ്ട് ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും യുപി മുഖ്യമന്ത്രിയുമായും സംസാരിക്കാമെന്ന് ജാവദേക്കർ അറിയിച്ചു. സുപ്രീംകോടതി നിർദ്ദേശപ്രകാരം കേസ് റദ്ദാക്കാൻ പത്രപ്രവർത്തക യൂണിയനും കുടുംബവും ഉടൻ അലഹബാദ് ഹൈക്കോടതിയിൽ ഹർജി നല്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam