സ്റ്റോപ്പ് മെമ്മോയ്ക്ക് പുല്ലുവില: ഇടുക്കിയില്‍ കയ്യേറ്റം കണ്ടെത്തിയ സർക്കാർ ഭൂമിയിൽ വീണ്ടും നിർമ്മാണം

By Web TeamFirst Published Oct 13, 2020, 11:50 AM IST
Highlights

വാഗമണ്‍ റാണിമുടി എസ്റ്റേറ്റ് ഉടമ ജോളി സ്റ്റീഫൻ 55 ഏക്കർ സർക്കാർ ഭൂമി കയ്യേറിയതായി 2019 സെപ്തംബറിലാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്നത്.  

ഇടുക്കി: ഇടുക്കി വാഗമണ്ണിൽ കയ്യേറ്റം കണ്ടെത്തിയ സർക്കാർ ഭൂമിയിൽ വീണ്ടും സ്റ്റോപ്പ് മെമ്മോ ലംഘിച്ച് റിസോർട്ടുകളുടെ നിർമ്മാണം.  രണ്ട് മാസം മുമ്പ് സ്റ്റോപ്പ് മെമ്മോ ലംഘനത്തിൽ നടപടി നേരിട്ട റിസോർട്ടുകളും ഇക്കൂട്ടത്തിലുണ്ട്. കയ്യേറ്റ ഭൂമിയിലായതിനാൽ പഞ്ചായത്ത് ലൈസൻസ് പുതുക്കി നൽകാതിരുന്ന റിസോർട്ടുകളും അനധികൃതമായി സഞ്ചാരികളെ കയറ്റി നിയമത്തെ വെല്ലുവിളിക്കുകയാണ്.

വാഗമണ്‍ റാണിമുടി എസ്റ്റേറ്റ് ഉടമ ജോളി സ്റ്റീഫൻ 55 ഏക്കർ സർക്കാർ ഭൂമി കയ്യേറിയതായി 2019 സെപ്തംബറിലാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്നത്.  ജില്ലാ കളക്ടറുടെ അന്വേഷണത്തിൽ ഇത് ശരിവക്കുകയും ഇവിടുത്തെ നിർമ്മാണപ്രവർത്തനങ്ങളെല്ലാം തടഞ്ഞുകൊണ്ട് സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തു. എന്നാൽ രണ്ട് മാസം മുമ്പ് സ്റ്റോപ്പ് മെമ്മൊ ലംഘിച്ച് ചിലർ പണി തുടങ്ങി. ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും ഇക്കാര്യം വാർത്തയാക്കുകയും അധികാരികളെക്കൊണ്ട് നടപടിയെടുപ്പിക്കുകയും ചെയ്തു. എന്നാൽ പണത്തിന്റെ ഹുങ്കിൽ വീണ്ടും നിയമങ്ങളും ഉത്തരവുകളുമെല്ലാം കാറ്റിപ്പറത്തുകയാണ്.

രണ്ട് മാസം മുമ്പ് സ്റ്റോപ്പ് മെമ്മൊ ലംഘനത്തിൽ നടപടി നേരിട്ട റിസോർട്ടുകളുടെ നിര്‍മ്മാണം തുടരുകയാണ്. കർശന നടപടി ഇല്ലാത്തത് കൊണ്ടാവണം വീണ്ടും പണി നടത്താൻ ഇവർ ധൈര്യപ്പെട്ടത്. കയ്യേറ്റം കണ്ടെത്തിയ സാഹചര്യത്തിൽ പഴയ റിസോർട്ടുകളുടെ ലൈസൻസ് ഇനി പുതുക്കി നൽകരുതെന്ന് ജില്ലാ കളക്ടർ ഏലപ്പാറ പഞ്ചായത്തിനോട് നിർദ്ദേശിച്ചിരുന്നു. ലൈസൻസ് ഇല്ലെങ്കിലും ആളെ കയറ്റുന്നതിന് അവ‍ർക്കും മടിയില്ല. ഉറവിടമറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന വാഗമണ്ണിലാണ് ആളുകളെ ഇങ്ങനെ അനധികൃതമായി താമസിപ്പിക്കുന്നതെന്നത് മറ്റൊരു കാര്യം.

click me!