ആദ്യ അടിയിൽ തന്നെ മനോഹരന്റെ ശരീരമാകെ വിറച്ചു, പൊലീസ് ക്രൂരമായാണ് പെരുമാറിയതെന്ന് ദൃക്സാക്ഷി രമാദേവി

By Web TeamFirst Published Mar 26, 2023, 9:07 PM IST
Highlights

''ഹെൽമറ്റ് ഊരിയ സമയത്ത് തന്നെ കൈ വലിച്ച് കരണത്ത് ഒറ്റയടിയായിരുന്നു. ആ സമയത്ത് തന്നെ കൈയ്യും കാലും വിറച്ച് തുടങ്ങി''

തിരുവനന്തപുരം : തൃപ്പൂണിത്തുറയിൽ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ച മനോഹരനോട് പൊലീസ് ക്രൂരമായാണ് പെരുമാറിയതെന്ന് ദൃക്സാക്ഷിയായ രമാദേവി. പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിന് ദൃക്സാക്ഷിയായ രമാദേവി ന്യൂസ് അവറിൽ ആണ് ഇക്കാര്യം ആവർത്തിച്ചത്. ആദ്യ അടിയിൽ തന്നെ മനോഹരന്റെ ശരീരമാകെ വിറച്ചിരുന്നു. മദ്യം കഴിച്ചിട്ടില്ലെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും ചെവിക്കൊണ്ടില്ല. പൊലീസുകാ‍ർ നാല് പേർ ഉണ്ടായിരുന്നുവെന്നും രമാദേവി ന്യൂസ് അവറിൽ പറഞ്ഞു. 

''ഹെൽമറ്റ് ഊരിയ സമയത്ത് തന്നെ കൈ വലിച്ച് കരണത്ത് ഒറ്റയടിയായിരുന്നു. ആ സമയത്ത് തന്നെ കൈയ്യും കാലും വിറച്ച് തുടങ്ങി. കേറട ജീപ്പിലേക്ക് എന്ന് പറഞ്ഞു. മദ്യം കഴിച്ചിട്ടില്ലെന്ന് ആ പയ്യൻ പറയുന്നുണ്ടായിരുന്നു... രണ്ട് കുട്ടികളുണ്ട്. പെണ്ണാണെങ്കിൽ ഒരു പണിക്കൊന്നും പോകാറില്ലാത്തതാ. പ്ലസ് വണ്ണിന് പഠിക്കാണ് ഒരു കൊച്ച്. അഞ്ചിൽ പഠിക്കുന്ന കുട്ടിയുണ്ട്. ഒരു അമ്മയെ ഉള്ളൂ. ആങ്ങളയുള്ളത് ആക്സിഡന്റിൽ മരിച്ചു.... നിയമം കാക്കുന്ന പൊലീസ് ഇങ്ങനെ ആയാൽ പാവപ്പെട്ട ഞങ്ങൾ എന്ത് ചെയ്യും?'' - രമാ ദേവി ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവറിൽ പറഞ്ഞു.

അതേസമയം പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി അംഗം അരവിന്ദ് ബാബു ഹിൽ പാലസ് പൊലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും രേഖകളും പരിശോധിച്ചു. വരും ദിവസങ്ങളിൽ പരാതിക്കാരുടെ വാദം കൂടി അദ്ദേഹം കേൾക്കും. 

Read More : പൊലീസ് കസ്റ്റഡിയിൽ മരിച്ച മനോഹരന്റെ മൃതദേഹം വീട്ടിൽ എത്തിച്ചു

click me!