
പത്തനംതിട്ട: നിയമനക്കോഴ തട്ടിപ്പിന്‍റെ സൂത്രധാരനെന്ന് കരുതുന്ന മുൻ എഐഎസ്എഫ് നേതാവ് ബാസിത്തിനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. അതേസമയം, കേസിലെ പ്രധാന പ്രതി അഖിൽ സജീവിനെ പത്തനംതിട്ട കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സിഐടിയു ഫണ്ട് തട്ടിപ്പ് കേസിലെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് നടപടി.
തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കൊട്ടാരക്കര ജയിലിലെത്തി കോഴക്കേസിൽ ചോദ്യം ചെയ്യാനായി അഖിലിനെ കസ്റ്റഡിയിൽ വാങ്ങും. ബാസിത് അടക്കം മറ്റ് പ്രതികൾക്കൊപ്പം അഖിലിനെയും പൊലീസ് ചോദ്യം ചെയ്യും. സ്പൈസസ് ബോർഡ് തട്ടിപ്പ് കേസിലും അഖിലിന്റെ അറസ്റ്റ് പത്തനംതിട്ട പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കേസിലെ കൂട്ടുപ്രതി യുവമോർച്ച നേതാവ് സി ആർ രാജേഷ് ഇപ്പോഴും ഒളിവിലാണ്.
മരുമകള്‍ക്ക് ആരോഗ്യവകുപ്പിൽ താൽക്കാലിക നിയമത്തിനായി ആരോഗ്യമന്ത്രിയുടെ പി എ അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപ നൽകിയെന്നായിരുന്നു മലപ്പുറം സ്വദേശി ഹരിദാസിന്‍റെ പരാതി. പക്ഷെ ഇപ്പോൾ കൻ്റോൺമെന്‍റ് പൊലീസിൻ്റെ അന്വേഷണമെത്തി നിൽക്കുന്നത് ഹരിദാസന്‍റെ സുഹൃത്തും മുൻ എഐഎസ്എഫ് നേതാവുമായ ബാസിത്തിലാണ്. ഹരിദാസനിൽ നിന്നും ഒരു ലക്ഷം രൂപ വാങ്ങിയെന്ന് താനാണെന്ന് മുൻ എഐഎസ്എഫ് നേതാവ് ബാസിത് കഴിഞ്ഞ ദിവസം പൊലീസിനോട് സമ്മതിച്ചിരുന്നു. ആരോഗ്യമന്ത്രിയുടെ പിഎക്ക് കൊടുക്കാനെന്നെ പേരിലാണ് പണം തട്ടിയെടുത്തതെന്നും കൻോമെന്‍റ് പൊലീസിനോടാണ് ബാസിത് സമ്മതിച്ചത്. അപ്പോഴും മന്ത്രിയുടെ പിഎയുടെ പേര് ഉന്നയിക്കാൻ ഹരിദാസിനെ ബാസിത്ത് നിർബന്ധിച്ചത് എന്തിനാണെന്ന് വ്യക്തതയില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam