നിപ; ആശങ്കപ്പെടേണ്ട സാഹചര്യമില്ല, പരിസര ശുചിത്വം പാലിക്കുക: ആരോഗ്യവകുപ്പ്

By Web TeamFirst Published Jun 4, 2019, 6:26 AM IST
Highlights

നിപയുടെ ഉറവിടമെന്ന് സംശയിക്കുന്ന തൊടുപുഴയിൽ ആരോഗ്യ വകുപ്പിന്‍റെ ജാഗ്രതാ നിർദ്ദേശം. വിദ്യാർത്ഥി താമസിച്ചിരുന്ന തൊടുപുഴയിലെ വീട്ടിലും പ്രദേശത്തും ആരോഗ്യവിഭാഗം പ്രവർത്തകർ പരിശോധന നടത്തി. 

തൊടുപുഴ: നിപയുടെ ഉറവിടമെന്ന് സംശയിക്കുന്ന തൊടുപുഴയിൽ ആരോഗ്യ വകുപ്പിന്‍റെ ജാഗ്രതാ നിർദ്ദേശം. വിദ്യാർത്ഥി താമസിച്ചിരുന്ന തൊടുപുഴയിലെ വീട്ടിലും പ്രദേശത്തും ആരോഗ്യവിഭാഗം പ്രവർത്തകർ പരിശോധന നടത്തി. അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. 

തൊടുപുഴയിലെ ഈ വീട്ടിലാണ് വിദ്യാർത്ഥിയും മൂന്ന് സുഹൃത്തുക്കളും താമസിച്ചിരുന്നത്. എന്നാൽ വേനലവധിയായതിനായിൽ ഒന്നരമാസമായി ഇവിടെ സ്ഥിരതാമസം ഉണ്ടായിരുന്നില്ല. മെയ് 16 -ലെ പരീക്ഷയ്ക്കായാണ് വിദ്യാർത്ഥി അവസാനമായി ഇവിടെയെത്തിയത്, തങ്ങിയത് ഒരു ദിവസം മാത്രം. ഇതാണ് തൊടുപുഴ തന്നെയാണോ നിപയുടെ ഉറവിടമെന്ന ആരോഗ്യവകുപ്പിന്‍റെ സംശയത്തിന് പിന്നിൽ. ആരോഗ്യവകുപ്പിലെ നാലംഗ സംഘം നടത്തിയ പരിശോധനയിൽ അയൽവാസികൾക്കൊന്നും വിട്ടുമാറാത്ത പനിയോ, ചുമയോ, തലവേദനോ ഇല്ലെന്ന് കണ്ടെത്തി. വിദ്യാർത്ഥിയുടെ സുഹൃത്തുക്കൾക്കും കോളേജിലെ മറ്റ് വിദ്യാർത്ഥികൾക്കും പനിയോ ചുമയോ ബാധിച്ചിട്ടുണ്ടോ എന്ന് ആരോഗ്യവകുപ്പ് അന്വേഷിക്കുന്നുണ്ട്. 

പ്രദേശത്ത് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ളതിനാൽ നിരവധി വിദ്യാർത്ഥികൾ ഈ മേഖലയിൽ വീട് വാടകയ്ക്ക് എടുത്ത് കൂട്ടമായി താമസിക്കുന്നുണ്ട്. ഇവിടെയെല്ലാം തദ്ദേശഭരണകൂടത്തിന്‍റെ സഹായത്തോടെ ആരോഗ്യവകുപ്പ് പരിശോധന നടത്തും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാവരും പരിസര ശുചിത്വവും വ്യക്തിശുചിത്വവും പാലിക്കണമെന്ന് ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു. 
 

click me!