
കോഴിക്കോട്: സംസ്ഥാനത്തെ ആദ്യ ഫസ്റ്റ് ലൈൻ ചികിൽസ കേന്ദ്രമായ കോഴിക്കോട് ലക്ഷദ്വീപ് എഫ്എൽടിസിയുടെ മാതൃകയിൽ സംസ്ഥാനത്താകെ എഫ്എൽടിസി പ്രവർത്തനം പുന ക്രമീകരിക്കാൻ ആരോഗ്യ വകുപ്പ്. ലാബ് സൗകര്യമടക്കമുള്ള കോഴിക്കോട് എഫ്എൽടിസിയിലെ ചികിൽസ പ്രോട്ടോക്കൾ മാതൃകയാണ് പതിമൂന്ന് ജില്ലകളിലും പിന്തുടരുക. കഴിഞ്ഞ ദിവസം പത്ര സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്.
ഒരു ഫസ്റ്റ് ലൈൻ ചികിൽസ കേന്ദ്രം എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച് മുൻ മാതൃകകളൊന്നുമില്ലാത്ത സമയത്ത് 2020 മാർച്ചിലാണ് കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രി ചികിൽസ കേന്ദ്രം തുടങ്ങിയത്. സംസ്ഥാനത്തെ മറ്റ് എഫ്എൽടിസികൾക്ക് മാതൃകയാണ് കോഴിക്കോട്ടെതെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. രക്ത ഇസിജി പരിശോധന സൗകര്യമുള്ള ലാബ് അടക്കം ഒരു ആശുപത്രിയുടെ എല്ലാ സൗകര്യങ്ങളുമുള്ളതാണ് ചികിൽസ കേന്ദ്രം. ദിവസവും രണ്ട് നേരം ഡോക്ടർമാർ നേരിട്ടെത്തി രോഗികളെ പരിശോധിക്കും. ബി കാറ്റഗറിയിൽ പെട്ട പ്രമേഹരോഗമടക്കമുള്ള രോഗികളെയും ഇവിടെ ചികിൽസിക്കുന്നുണ്ട്.ലക്ഷദ്വീപ് കേന്ദ്രത്തിന് ശേഷം ജില്ലയിൽ മറ്റ് മൂന്നിടങ്ങളിലും സമാന സൗകര്യമുള്ള ചികിൽസ കേന്ദ്രങ്ങൾ തുടങ്ങി.
പ്രവർത്തനം തുടങ്ങിയത് മുതൽ ഇതുവരെ ലക്ഷദ്വീപ് എഫ്എൽടിസിയിൽ 5000ലധികം രോഗികളെ ചികിൽസിച്ചു. കൊവിഡ് മൂന്നാം തരംഗംമുണ്ടാകുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് കോഴിക്കോടെ മാതൃകയിൽ എല്ലാ ജില്ലകളിലും എഫ്എൽടിസികൾ ഒരുക്കാനാണ് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam