കേരളത്തിൽ വികസിപ്പിച്ച അതിവേഗ കൊവിഡ് പരിശോധന കിറ്റുകൾക്ക് അനുമതി വൈകുന്നു

Published : May 07, 2020, 07:41 AM ISTUpdated : May 07, 2020, 12:46 PM IST
കേരളത്തിൽ വികസിപ്പിച്ച  അതിവേഗ കൊവിഡ് പരിശോധന കിറ്റുകൾക്ക് അനുമതി വൈകുന്നു

Synopsis

തിരുവനന്തപുരം ശ്രീചിത്രയിൽ വികസിപ്പിച്ചെടുത്ത അതിനൂതന കൊവിഡ് പരിശോധന കിറ്റിൽ പത്ത് മിനിറ്റിനകം കൊവിഡ് പരിശോധനഫലം അറിയാൻ സാധിക്കും. 

കൊല്ലം: കൊവിഡ് പരിശോധനകൾ വേഗത്തിലാക്കാൻ സഹായിക്കുന്ന അതിനൂതന പരിശോധന കിറ്റുകൾക്ക് ഐസിഎംആറിന്‍റെ അനുമതി ലഭിക്കാത്തത് കേരളത്തിൻ തിരിച്ചടിയാകുന്നു. പ്രവാസികളും ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പടെ കൂടുതൽ ആളുകളെത്തുന്ന സാഹചര്യത്തിൽ പരിശോധന കിറ്റുകൾക്ക് അനുമതികൾ ലഭിക്കാത്തത് വരും ദിവസങ്ങളിൽ വെല്ലുവിളിയാകും.

കേരളത്തിൽ വൈറസ് ബാധ നിയന്ത്രണത്തിലായെങ്കിലും മറുനാടുകളിൽ നിന്നും കൂട്ടത്തോടെ മലയാളികൾ മടങ്ങി വരുന്ന സാഹചര്യത്തിൽ കൂടുതൽ പരിശോധനകൾ നടത്തേണ്ട സാഹചര്യമാണ് കേരളത്തിന് മുന്നിലുള്ളത്. ഈ പ്രതിസന്ധി നിലനിൽക്കെയാണ് തിരുവനന്തപുരത്തെ കേന്ദ്രസർക്കാർ സ്ഥാപനങ്ങളായ ശ്രീചിത്രയും രാജീവ് ഗാന്ധി ബയോ ടെക്നോളജിയും വികസിപ്പിച്ചെടുത്ത നൂതന പരിശോധന കിറ്റുകൾ ആഴ്ച്ചകളോളമായി ഐ.സി.എം.ആറിന്‍റെ അനുമതിയ്ക്ക് കാത്തിരിക്കുന്നത്.

നിലവിൽ ഉപയോഗിക്കുന്ന പി.സി.ആ‌ർ സ്രവപരിശോധനയെക്കാൾ വേഗത്തിലും കൃത്യത്തിലും ഫലം ലഭിക്കുന്ന ശ്രീചിത്രയുടെ ആർ.ടി ലാംപ് കിറ്റാണ് ഇതിൽ പ്രധാനം. സ്രവത്തിലൂടെ വൈറസിന്‍റെ എൻ ജീൻ കണ്ടെത്തി പരിശോധിക്കുന്നത്തിലൂടെ 10 മിനിറ്റ് കൊണ്ട് ഫലം ലഭിക്കും. നിലവിൽ ഉപയോഗത്തിലുള്ള പി.സി.ആ‌ർ സ്രവപരിശോധന കിറ്റിൽ 5 മണിക്കൂറാണ് പരിശോധന ഫലത്തിനായുളള കാത്തിരിപ്പ് ഒരു മെഷീനിൽ ഒരു ബാച്ചിൽ 30 സാമ്പിളുകൾ വരെ പരിശോധിക്കാനാകുമെന്നതും സവിശേഷതയാണ്. 

ഐസിഎംആർ നിർദേശ പ്രകാരം ശ്രീചിത്രയുടെ ടെസ്റ്റ് കിറ്റ് ആലപ്പുഴയിലെ ദേശീയ വൈറാളജി ലാബിൽ നടത്തിയ പരിശോധനയിൽ നൂറു ശതമാനം കൃത്യതത രേഖപ്പെടുത്തിയെങ്കിലും  ഇതുവരേയും ഉപയോഗത്തിന് അനുമതി ലഭിച്ചിട്ടില്ല. എപ്രിൽ 16 ൻ തന്നെ കിറ്റ് സജ്ജമാണെങ്കിലും മൂന്നാഴ്ച്ചയായി ഉപയോഗത്തിനായി അനുമതി കാത്തിരിക്കുകയാണ്.

പതിനഞ്ച് മിനിറ്റ് കൊണ്ട് രക്തത്തിൽ നിന്ന് ആന്‍റി ബോഡി കണ്ടെത്തി ഫലം ലഭ്യമാക്കുന്ന രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് വികസിപിച്ച റാപ്പിഡ് ആന്‍റി ബോഡി കിറ്റും എപ്രിൽ 15 മുതൽ ഐസിഎംആറിന്‍റ അനുമതി കാത്തുകിടക്കുന്നു.  അതേസമയം ഐസിഎംആറിന്‍റെ കൂടുതൽ പരിശോധന പൂർത്തിയാക്കാനുള്ളതിനാലാണ് അനുമതി വൈകുന്നതെന്നതാണ് അധികൃതരുടെ വിശദീകരണം. 
 
കഴിഞ്ഞ ഒരാഴ്ച്ചക്കിടെ പ്രതിദിനം ശരാശരി ആയിരത്തിനടുത്ത് കൊവിഡ് പരിശോധനകളാണ് സംസ്ഥാനത്ത് നടന്നത്. ഇവയെല്ലാം പിസിആർ സ്രവ പരിശോധനകളാണ്. വരും ദിവസങ്ങളിൽ പ്രവാസികളടക്കം കൂടുതൽ ആളുകൾ എത്തുമ്പോൾ പുതിയ പരിശോധന കിറ്റുകൾക്ക് ഐസിഎംആർ അംഗീകീരം ലഭിച്ചാൽ സംസ്ഥാനത്തിന് അത് വലിയ ആശ്വാസമാകും.

PREV
click me!

Recommended Stories

വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ
കോടതി വിധിയിൽ നിരാശ, അദ്‌ഭുതം ഇല്ലെന്ന് ദീദി ദാമോദരൻ; സിനിമ സംഘടനകൾ ദിലീപിനെ പുറത്തു നിർത്തിയല്ല പ്രവർത്തിച്ചിരുന്നത്