
തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവ് സമ്മതിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ഡോക്ടറിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണ്. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് കർശനമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി സഭയിൽ അറിയിച്ചു. രണ്ടര വർഷം മുമ്പ് നടന്ന ശസ്ത്രക്രിയയിലാണ് സുമയ്യയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയത്.
ചികിത്സ പിഴവ് ഗൗരവമായി കാണുന്നു. വീഴ്ചയുള്ള കേസുകളിൽ കർശന നടപടികൾ സ്വീകരിക്കും. വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് സുമയ്യയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കുമെന്നും മന്ത്രി സഭയിൽ പറഞ്ഞു. ശസ്ത്രക്രിയ പിഴവ് വിഷയം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സബ്മിഷനായി ചൂണ്ടിക്കാട്ടുകയായിരുന്നു. സുമ്മയ്യ അനുഭവിക്കുന്നത് കഠിനമായ ആരോഗ്യപ്രശ്നമാണെന്നും നഷ്ടപരിഹാരത്തിന് അനുകൂല നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് സഭയിൽ ആവശ്യപ്പെട്ടു.
ചികിത്സാപ്പിഴവ് സമ്മതിച്ചുകൊണ്ടുള്ള ഡോക്ടറുടെ ശബ്ദരേഖ പുറത്തുവന്നിരുന്നു. രോഗിയുടെ ബന്ധുവിനോടാണ് ഡോ. രാജീവ് കുമാർ തെറ്റ് പറ്റിയെന്ന് വെളിപ്പെടുത്തിയത്. ശ്രീചിത്രയിൽ നടത്തിയ പരിശോധനയിലാണ് ഗൈഡ് വയറാണെന്ന് മനസിലാകുന്നത്. വയറ് കുടുങ്ങിയത് അറിഞ്ഞിട്ടും ഡോ.രാജീവ് കുമാർ മറച്ചുവെക്കുകയായിരുന്നു. 2023 മാർച്ച് 22നാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സുമയ്യ ചികിത്സ തേടിയത്. റോയ്ഡ് ഗ്രന്ഥി എടുത്തു കളയുന്ന ശസ്ത്രക്രിയ നടത്തിയത് ഡോ. രാജീവ് കുമാറാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം ഞരമ്പ് കിട്ടാതെ വന്നപ്പോൾ രക്തവും മരുന്നുകളും നൽകാനായി സെൻട്രൽ ലൈനിട്ടു. ഇതിന്റെ ഗൈഡ് വയറാണ് നെഞ്ചിൽ കുടുങ്ങി കിടക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam