
തിരുവനന്തപുരം: മഴ തുടരുന്നതിനാല്‍ പകര്‍ച്ച വ്യാധികള്‍ക്കെതിരെ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എലിപ്പനിയ്‌ക്കെതിരെ വളരെ ശ്രദ്ധിക്കണം. എലിപ്പനി ബാധിച്ചാല്‍ പെട്ടെന്ന് തീവ്രമാകുമെന്നതിനാല്‍ പ്രത്യേക ശ്രദ്ധ വേണം. ഏതെങ്കിലും സാഹചര്യത്തില്‍ മണ്ണുമായോ, മലിന ജലവുമായോ സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ളവര്‍ക്ക് പനി ബാധിക്കുന്നെങ്കില്‍ ഉടനടി ചികിത്സ തേടി ഡോക്ടറോട് അക്കാര്യം പറയേണ്ടതാണ്.
മണ്ണുമായും മലിനജലവുമായും ഇടപെടുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എലിപ്പനി ഒരു മാരക രോഗമാണെങ്കിലും കൃത്യമായ പ്രതിരോധ മാര്‍ഗങ്ങളിലൂടെയും ചികിത്സയിലൂടെയും തടയാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തൊഴിലുറപ്പ് തൊഴിലാളികള്‍, ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ചെടികള്‍ നടുന്നവര്‍, മണ്ണില്‍ കളിക്കുന്നവര്‍ തുടങ്ങി മലിനജലവുമായോ കെട്ടിക്കിടക്കുന്ന വെള്ളവുമായോ സമ്പര്‍ക്കത്തില്‍ വരുന്നവര്‍ എലിപ്പനി പ്രതിരോധിക്കാനായി ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം നിര്‍ബന്ധമായും ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ സങ്കീര്‍ണതകളില്‍ നിന്നും മരണത്തില്‍ നിന്നും വളരെയേറെപ്പേരെ രക്ഷിക്കാന്‍ സാധിക്കും.
എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായോ മണ്ണുമായോ സമ്പര്‍ക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു.
പെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തലവേദന, പേശീവേദന, പനിയോടൊപ്പം ചിലപ്പോള്‍ ഉണ്ടാകുന്ന വിറയല്‍ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. കാല്‍വണ്ണയ്ക്ക് വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറമുണ്ടാവുക, മൂത്രം മഞ്ഞ നിറത്തില്‍ പോവുക എന്നീ രോഗലക്ഷണങ്ങളുമുണ്ടാകാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam