
തിരുവനന്തപുരം: ആരോഗ്യമേഖലയിൽ പ്രധാന നയപരമായ മാറ്റങ്ങളും അന്വേഷണങ്ങളും പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ. ചുമതലയേറ്റെടുത്തപ്പോൾ ആരോഗ്യവകുപ്പിന് ഹണിമൂൺ പിരീഡ് ലഭിച്ചില്ലെന്നും 24 മണിക്കൂറിനകം വിമർശനങ്ങളുയർന്നതാണ് പ്രവർത്തനങ്ങളിലെ ഈ പുരോഗതിയിലേക്ക് നയിച്ചതെന്ന് പറഞ്ഞുകൊണ്ടാണ് മുരളീധരൻ മാധ്യമങ്ങളെ കണ്ടത്. ആശുപത്രിയിൽ കിടക്ക, രോഗിയുടെ അവകാശമാണെന്ന് വ്യക്തമാക്കിയ മന്ത്രി, വിവിധ മെഡിക്കൽ കോളേജുകളിലെ ഒഴിവുള്ള സ്ഥലങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തുമെന്നും പുലയനാർകോട്ടയിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നും അറിയിച്ചു. കൂടാതെ കോഴിക്കോട് മെഡിക്കൽ കോളേജിൽ കൂടുതൽ സ്ഥലം കണ്ടെത്തി ആശുപത്രി പണിയുമെന്നും ഇതിനായി സർക്കാർ ഫണ്ടിന് പുറമെ സിഎസ്ആർ ഫണ്ടും ഉപയോഗിക്കുമെന്നും വ്യക്തമാക്കി. സർക്കാരിന്റെ 'വിസ്മയ' പരിപാടിയിൽ മേയർ വി വി രാജേഷ് പങ്കെടുക്കാതിരുന്നതിനെയും മന്ത്രി വിമർശിച്ചു. പദ്ധതിയോടുള്ള വിമുഖത കൊണ്ടാകാം മേയർ വിട്ടുനിന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. എം എൽ എ വി മുരളീധരനെ അധ്യക്ഷനായും മേയറെ മുഖ്യാതിഥിയായുമാണ് ഔദ്യോഗിക പരിപാടി തീരുമാനിച്ചതെന്നും അദ്ദേഹം വിവരിച്ചു. ശശി തരൂർ എം പി സ്ഥലത്തില്ലാത്തതിനാലാണ് പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്നും മന്ത്രി വ്യക്തമാക്കി.
നയപരമായ തീരുമാനങ്ങളുടെ ഭാഗമായി സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ സ്പെഷ്യലിസ്റ്റ് ആശുപത്രികളിൽ മാത്രമാക്കുമെന്നും പി ജി വിദ്യാർത്ഥികൾ ഇനി റെസിഡൻസി ചെയ്യേണ്ടതില്ലെന്നും മന്ത്രി പ്രഖ്യാപിച്ചു. കഴിഞ്ഞ 10 വർഷത്തെ പർച്ചേസുകളും പുതിയ കെട്ടിടങ്ങളും പ്രിൻസിപ്പൽ സെക്രട്ടറിമാരുടെയും ഡി എം ഇയുടെയും നേതൃത്വത്തിൽ അന്വേഷിക്കും. ഇത് പ്രതികാര നടപടിയല്ലെന്നും മന്ത്രി പറഞ്ഞു. ഇതോടൊപ്പം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജനറ്റിക്സ് ആൻഡ് റീഹാബിലിറ്റേഷൻ സ്ഥാപിക്കും. കരാർ നിയമനങ്ങൾ ഒഴിവാക്കി എല്ലാ ഒഴിവുകളിലേക്കും പി എസ് സി വഴി നിയമനം നടത്തും. എയിംസ് വിഷയത്തിൽ പ്രാദേശിക താത്പര്യത്തിന്റെ പേരിൽ പദ്ധതി ഇല്ലാതാക്കരുതെന്നും പാലക്കാട് കോച്ച് ഫാക്ടറി വരുന്നില്ലെങ്കിൽ ആ സ്ഥലത്ത് എയിംസ് കൊണ്ടു വരാമെന്നും മന്ത്രി നിർദ്ദേശിച്ചു. ഇതിനായി പ്രിൻസിപ്പൽ സെക്രട്ടറി മേൽനോട്ടം വഹിക്കും. കൂടാതെ തിരുവനന്തപുരത്ത് പുതിയ മെഡിക്കൽ കോളേജ്, മാനന്തവാടിയിൽ മെഡിക്കൽ കോളേജ്, വീരേന്ദ്ര കുമാർ വിട്ടുനൽകിയ സ്ഥലത്ത് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എന്നിവ സ്ഥാപിക്കുമെന്നും അറിയിച്ചു. ഇടുക്കി, വയനാട്, കാസർഗോഡ് ജില്ലകളിലേക്കുള്ള ട്രാൻസ്ഫർ ഡോക്ടർമാർ ശിക്ഷാനടപടിയായി കരുതരുതെന്നും നിർദ്ദേശക സമിതികളിൽ പട്ടികജാതി, പട്ടികവർഗ്ഗ, വനിതാ അംഗങ്ങളെ നിയമിക്കുമെന്നും വ്യക്തമാക്കി.
നെയ്യാറ്റിൻകരയിൽ ഡോക്ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ തീയതിയും സമയവും പരിശോധിച്ച് അടിയന്തര അന്വേഷണത്തിന് സമിതിയെ നിയോഗിച്ചെന്ന് മന്ത്രി അറിയിച്ചു. സെക്യൂരിറ്റി കടത്തിവിട്ടിരുന്നെങ്കിൽ അപകടം ഒഴിവാകുമായിരുന്നുവെന്ന സ്ഥിതി ഗൗരവമായി കണ്ട് വീഴ്ച വരുത്തിയ സെക്യൂരിറ്റിയെ പുറത്താക്കിയെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. അമേരിക്കൻ കുത്തക കമ്പനി നടത്തുന്ന ബേബി മെമ്മോറിയൽ ആശുപത്രിയിൽ കുട്ടി മരിച്ച സംഭവത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കും. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മരുന്ന് വിതരണം മുടങ്ങാതെ നടത്തിയിട്ടുണ്ടെന്നും ചില സ്വകാര്യ ആശുപത്രികൾ സർക്കാർ ആശുപത്രികളെ താറടിച്ചുകാണിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സ്റ്റാഫുകളെ ഒഴിവാക്കിയെന്ന ആരോപണത്തിൽ, തന്റെ കാലയളവിൽ ജോലി ചെയ്യാൻ സാധിക്കാത്തതിനാലാണ് അവർ സ്വന്തം ഇഷ്ടപ്രകാരം വിട്ടുപോയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam