കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം സംസ്ഥാനത്തെ പ്രധാനശാസ്ത്ര പ്രചാരണസ്ഥാപനമാണ്. തിരുവനന്തപുരം നഗരത്തിൻ്റെ ഹൃദയഭാ​ഗത്ത് പി എം ജി ജം​ഗ്ഷനിലുള്ള  ഈ സ്ഥാപനം 1984ലാണ് സ്ഥാപിച്ചത്. ദിവസവും നൂറ് കണക്കിന് കുട്ടികൾ ഉൾപ്പടെ നിരവധി പേ‍ർ എത്തുന്ന ഇവിടം ഇപ്പോൾ രണ്ട് പ്രതിസന്ധികൾ നേരിടുകയാണ്.

തിരുവനന്തപുരം: പ്ലാനറ്റേറിയം വളപ്പിൽ മറ്റ് സ്ഥാപനങ്ങൾ സ്ഥലം കൈയേറുന്നതിനെത്തുടർന്ന് കുട്ടികൾക്കുള്ള സൗകര്യങ്ങൾ കുറയുന്നതായും വികസന പദ്ധതികൾ പ്രതിസന്ധിയിലായതായും ആക്ഷേപം. ശാസ്ത്രവിദ്യാഭ്യാസ കേന്ദ്രത്തിന്റെ ഭാവി തന്നെ തുലാസിലാക്കുന്ന രീതിയിലാണ് പുതിയ നീക്കങ്ങൾ നടക്കുന്നത്. പ്ലാനറ്റേറിയം കോമ്പൗണ്ടിൽ മറ്റ് സ്ഥാപനങ്ങളുടെ ഇടപെടൽ ശക്തമായതോടെ ശാസ്ത്ര പരീക്ഷണങ്ങൾ കണ്ട് മനസ്സിലാക്കാനുള്ള പ്രധാന കേന്ദ്രത്തിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാവുകയാണ്. കേന്ദ്ര മാനദണ്ഡപ്രകാരം കാറ്റഗറി-1 സയൻസ് സെന്ററിന് 7 ഏക്കർ സ്ഥലം ആവശ്യമാണെന്നിരിക്കെ നിലവിൽ 4.2 ഏക്കർ സ്ഥലം മാത്രമാണ് പ്ലാനറ്റേറിയത്തിന് ഉള്ളത്. ഈ സ്ഥലപരിമിതി മൂലം പുതിയ ഗാലറികൾ നിർമ്മിക്കാനോ വികസിപ്പിക്കാനോ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

ഇതിനിടയിലാണ് ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ആസ്ഥാനം സ്ഥാപിക്കുന്നതിനായി ഈ കോമ്പൗണ്ടിൽ 48.8 സെന്റ് സ്ഥലം പാട്ടത്തിന് നൽകിയത്. ഇതോടെ പ്ലാനറ്റേറിയം കാണാനെത്തുന്ന കുട്ടികൾക്ക് ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും സ്ഥലമില്ലാതാവുകയും പൊതുശൗചാലയത്തിന്റെ സൗകര്യം കുറയുകയും ചെയ്തു. വെറും ഓഫീസ് പ്രവർത്തനം മാത്രമുള്ള ഉന്നതവിദ്യാഭ്യാസ കൗൺസിലിനായി, ദിവസവും നിരവധി വിദ്യാർത്ഥികൾ എത്തുന്ന ശാസ്ത്രവിദ്യാഭ്യാസ സ്ഥാപനത്തിന്റെ സ്ഥലവും കെട്ടിടവും നഷ്ടപ്പെടുന്നത് പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നമായി മാറിയിരിക്കുകയാണ്. സ്ഥലപരിമിതി മൂലം എ ഐ, നാനോ ടെക്നോളജി, ബയോ ടെക്നോളജി തുടങ്ങിയ പുതിയ ഗാലറികളും, ഡെമോ സിനിമ, ഫ്ലൈയിംഗ് തീയറ്റർ തുടങ്ങിയ വികസന പദ്ധതികളും നടപ്പാക്കാൻ കഴിയാത്ത ആശങ്കയിലാണ് അധികൃതർ.

പൈതൃകമ്യൂസിയം കെട്ടിടം ഏറ്റെടുക്കാൻ നീക്കം

നിലവിൽ അര ഏക്കറോളം സ്ഥലം നൽകിയതിന് പുറമേ, പ്ലാനറ്റേറിയത്തിലെ പൈതൃകമ്യൂസിയം സ്ഥിതി ചെയ്യുന്ന കെട്ടിടം കൂടി ഏറ്റെടുക്കാൻ ഉന്നതവിദ്യാഭ്യാസ കൗൺസിൽ ശ്രമിക്കുന്നു എന്നതാണ് പുതിയ ആക്ഷേപം. നിലവിൽ ഈ പൈതൃകമ്യൂസിയത്തിന്റെ നവീകരണ ജോലികൾ നടക്കുകയാണ്. നവീകരണത്തിന് മുൻപ് ഈ കെട്ടിടത്തിൽ നാല് ശാസ്ത്ര ഗാലറികളാണ് പ്രവർത്തിച്ചിരുന്നത്. നവീകരണത്തിനായി താൽക്കാലികമായി മാറ്റിവെച്ചിരിക്കുന്ന പ്രദർശന വസ്തുക്കൾ തിരികെ സ്ഥാപിക്കാൻ ഒരുങ്ങുമ്പോഴാണ്, കെട്ടിടം ഉപയോഗശൂന്യമാണെന്ന് കാട്ടി കൗൺസിൽ ഇത് ഏറ്റെടുക്കാൻ നീക്കം നടത്തുന്നത്. ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ തലപ്പത്ത് വരുന്ന പ്രമുഖർ സർക്കാരിലുള്ള സ്വാധീനം ഉപയോഗിച്ചാണ് ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്നാണ് ഉയരുന്ന ആരോപണം. കൗൺസിലിന് ഭൂമി നൽകിയതിനെതിരെ ഐഎൻടിയുസി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ നിയമപോരാട്ടങ്ങൾക്കിടയിലാണ് പൈതൃകമ്യൂസിയം കൂടി കൗൺസിലിന് നൽകാനുള്ള പുതിയ ശ്രമങ്ങൾ നടക്കുന്നത്. ശാസ്ത്രകുതുകികളായ കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യത്തിനാണ് മുൻഗണന നൽകേണ്ടതെന്ന് ആവശ്യപ്പെട്ട് അധ്യാപകർ ഉൾപ്പെടെയുള്ളവർ ഈ നീക്കങ്ങൾക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.