
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയുടെ കാലിൽ പുഴു അരിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. 48 മണിക്കൂറിനകം റിപ്പോർട്ട് നൽകണമെന്നാണ് മന്ത്രിയുടെ നിർദേശം. സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിന് സമിതിയെയും നിയോഗിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ അധ്യക്ഷനായ സമിതിയെ ആണ് അന്വേഷണത്തിന് നിയോഗിച്ചത്. ഓർത്തോ സർജറി വിഭാഗം തലവന്മാരും അംഗങ്ങളാണ്.
രോഗികളോട് മോശമായി പെരുമാറിയ ആരോഗ്യ ജീവനക്കാരെ കൗൺസിലിങ്ങിന് അയക്കാനും തീരുമാനിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. ബന്ധുക്കൾ പരാതി നൽകിയിട്ടില്ല. ഇപ്പോൾ സ്വമേധയാ ആണ് അന്വേഷണം പ്രഖ്യാപിച്ചത്. കട്ടിലിൽ നിന്ന് വീണ് രോഗി മരിച്ച സംഭവത്തിൽ മരണകാരണം അന്വേഷിച്ച് നടപടിയെടുക്കുമെന്ന് കെ മുരളീധരൻ വ്യക്തമാക്കി. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്ന ശേഷം ബാക്കി കാര്യങ്ങൾ പറയാമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയുടെ സർജറി ചെയ്ത കാൽ ആണ് പുഴുവരിച്ച നിലയിൽ കണ്ടെത്തിയതായി പരാതി ഉയര്‍ന്നത്. പാരിപ്പള്ളി സ്വദേശിയായ രാജേന്ദ്രപ്രസാദിനാണ് ആശുപത്രി അധികൃതരുടെ ഗുരുതരമായ അനാസ്ഥ മൂലം ഈ ദുരനുഭവം ഉണ്ടായത്. മെഡിക്കൽ കോളേജിൽ കടുത്ത ചികിത്സാപ്പിഴവാണ് സംഭവിച്ചിരിക്കുന്നതെന്ന് രോഗിയുടെ ബന്ധുക്കൾ ആരോപിച്ചു.
കഴിഞ്ഞ മാസം 28-ാം തീയതി ഉണ്ടായ ഒരു ബൈക്ക് അപകടത്തിലാണ് രാജേന്ദ്രപ്രസാദിന്റെ കാലിന് ഗുരുതരമായി പരിക്കേൽക്കുന്നത്. അപകടത്തെത്തുടർന്ന് ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും പരിക്കേറ്റ കാലിൽ ശസ്ത്രക്രിയ നടത്തി കമ്പിയിടുകയും ചെയ്തു. സർജറിക്ക് ശേഷം കഴിഞ്ഞ അഞ്ച് ദിവസമായി ഇയാൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്ന് അഞ്ച് ദിവസത്തെ ഐസിയു വാസത്തിന് ശേഷം രാജേന്ദ്രപ്രസാദിനെ ജനറൽ വാർഡിലേക്ക് മാറ്റിയപ്പോഴാണ് ഞെട്ടിക്കുന്ന ഈ സംഭവം പുറത്തറിയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam