
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടങ്ങിയതിന് പിന്നാലെ പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ മുന്നൊരുക്കങ്ങളെയും നിലവിലെ സാഹചര്യത്തെയും കുറിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ പ്രാവശ്യമുണ്ടായ അതേ പകര്‍ച്ചവ്യാധികള്‍ തന്നെയാണ് ഇക്കുറിയും പടരുന്നത്.
പകര്‍ച്ചപ്പനി, വെസ്റ്റ്-നൈല്‍ പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, എലിപ്പനി പോലുള്ള രോഗങ്ങളെയെല്ലാം ജാഗ്രതയോടെ നേരിടാൻ മുന്നൊരുക്കങ്ങള്‍ വേണമെന്നാണ് മന്ത്രി നിര്‍ദേശിക്കുന്നത്.
ഇതിനിടെ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച ഒരു കുട്ടിയുടെ നില ഗുരുതരമായി തുടരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. വെസ്റ്റ് നൈല്‍ ബാധിച്ച് പതിമൂന്നുകാരി മരിച്ച കേസില്‍ പുനെയിലെ വൈറോളജി ലാബില്‍ രോഗബാധ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നും 10 വെസ്റ്റ് നൈല്‍ പനി കേസുകള്‍ ഉറപ്പായതാണെന്നും മന്ത്രി.
നിലവില്‍ സംസ്ഥാനത്ത് 12 ഇടങ്ങളില്‍ മഞ്ഞപ്പിത്തം പടര്‍ന്നു. ഇതില്‍ മലപ്പുറത്തും എറണാകുളത്തും സ്ഥിതി നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്, മഞ്ഞപ്പിത്തത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്, എറണാകുളത്ത് മലിനജലം ഉപയോഗിച്ച ചില ഹോസ്റ്റലുകളിലും മഞ്ഞപ്പിത്ത ബാധയുണ്ടായി, രോഗ്യവ്യാപനം ഉണ്ടായ സ്ഥലങ്ങളിൽ കുടിവെള്ള സ്രോതസുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തണമെന്നും മന്ത്രി.
ജൂലൈ മാസത്തില്‍ ഡെങ്കിപ്പനിയും പടരാൻ സാധ്യതയുള്ളതിനാല്‍ ശുചിത്വത്തിന് ഊന്നല്‍ നല്‍കി മുന്നോട്ടുപോകാനും മന്ത്രിയുടെ നിര്‍ദേശം. മഴക്കാല പൂര്‍വ ശുചീകരണം ഇന്നും നാളെയുമായി ഊര്‍ജിതമായി നടത്താനും നിര്‍ദേശം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam