പന്തീരാങ്കാവ് ​ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്തിനെതിരെ കേസ്; അമ്മയും സഹോദരിയും ചോദ്യം ചെയ്യലിന് ഹാജരായില്ല

Published : May 17, 2024, 05:53 PM IST
പന്തീരാങ്കാവ് ​ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്തിനെതിരെ കേസ്; അമ്മയും സഹോദരിയും ചോദ്യം ചെയ്യലിന് ഹാജരായില്ല

Synopsis

പ്രതിക്കായി ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കാനുള്ള നടപടികൾ പുരോഗമിക്കവെയാണ് രാഹുൽ ജർമനിയിലെത്തിയ കാര്യം സ്ഥിരീകരിച്ചത്. 

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിൻ്റെ സുഹൃത്ത് രാജേഷ് അറസ്റ്റിൽ. രാഹുലിനെ രാജ്യം വിടാൻ സഹായിച്ചതിനാണ് അറസ്റ്റ്. അതേസമയം, അന്വേഷണ സംഘം ഇന്നും നോട്ടീസ് നല്‍കിയെങ്കിലും രാഹുലിന്‍റെ അമ്മയും സഹോദരിയും ചോദ്യം ചെയ്യലിന് ഹാജരായില്ല. പ്രതിരാജ്യം വിട്ടത് പോലീസിന്‍റെ പിഴവ് കൊണ്ടെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു.

പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതിക്കായി വല വിരിച്ച് ദിവസങ്ങൾ നീണ്ട തിരച്ചിൽ നടത്തിയ പ്രത്യേക അന്വേഷണ സംഘം ഒടുവിൽ പ്രതി രാജ്യം വിട്ടെന്ന കാര്യം സ്ഥിരീകരിച്ചു. പ്രതിക്കായി ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കാനുള്ള നടപടികൾ പുരോഗമിക്കവെയാണ് രാഹുൽ ജർമനിയിലെത്തിയ കാര്യം സ്ഥിരീകരിച്ചത്. താൻ വിദേശത്ത് എത്തിയെന്ന് അറിയിച്ചുള്ള ഇയാളുടെ വീഡിയോ സന്ദേശം കഴിഞ്ഞദിവസം
പുറത്ത് വന്നിരുന്നു.

ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാഹുലിന്റെ സുഹൃത്ത് രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. രാഹുലിന് രാജ്യം വിടാനുള്ള എല്ലാ സഹായവും ചെയ്തത് ഇയാളാണെന്ന് പോലീസ് കണ്ടെത്തി. പെൺകുട്ടിക്ക് രാഹുലിൽ നിന്ന് ക്രൂര മർദ്ദനം ഏൽക്കേണ്ടി വന്ന ദിവസം രാജേഷ് വീട്ടിൽ ഉണ്ടായിരുന്നു. ജർമ്മനിയിൽ എത്തിയശേഷം രാഹുൽ രാജേഷുമായും സഹോദരിമായും വാട്സ്ആപ്പ് കോൾ വഴി സംസാരിച്ചതിന്റെ തെളിവുകളും പോലീസിന് കിട്ടി.

ഇതിനെ തുടർന്നാണ്, രാജേഷിനെ അറസ്റ്റ് ചെയ്തതും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് രാഹുലിന്റെ സഹോദരിക്കും അമ്മയ്ക്കും പോലീസ് നോട്ടീസ് നൽകിയതും. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ പറഞ്ഞ് ഇരുവരും ചോദ്യം ചെയ്യലിന് ഹാജരായില്ല. ജർമ്മനിയിലുളള രാഹുലിനെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതായി അന്വേഷണസംഘം അറിയിച്ചു.  അതേസമയം, യഥാസമയം പരാതി നൽകിയിട്ടും പ്രതി രാജ്യം വിടാൻ ഇടയായത് പോലീസിന്റെ  പിടിപ്പുകേട് കൊണ്ടെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു.

PREV
click me!

Recommended Stories

അതിജീവിതയെ അപമാനിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി
ശബരിമലയിൽ ഭക്തജനത്തിരക്ക്, ഇന്നലെ ദർശനം നടത്തിയത് ഒരു ലക്ഷത്തോളം പേർ, സന്നിധാനത്ത് അതീവ സുരക്ഷ