ആഷിഖ് അബു അയച്ച ആ ഫോട്ടോയ്ക്ക് ഞാനിട്ട കമന്‍റ് 'മൈ സിസ്റ്റര്‍ എന്നാണ്'; ഷൈലജ ടീച്ചര്‍

By Web TeamFirst Published May 14, 2019, 12:06 PM IST
Highlights

നവമാധ്യമങ്ങളില്‍ പലപ്പോഴും വൈകാരികമായി ഇടപെടുന്നവരാണ്. ചിലര്‍ ആധികാരികമായും എഴുതും. ടീച്ചറമ്മ വിളിയൊക്കെ വൈകാരികമാണ്. പക്ഷേ അതൊക്കെ എനിക്ക് മാത്രം അര്‍ഹതപ്പെട്ടതല്ല'

കോഴിക്കോട്: രേവതി വലിയ റേഞ്ചുള്ള നടിയാണെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍. നിപ്പയുമായി ബന്ധപ്പെട്ട് ആഷിക് അബു ചെയ്യുന്ന സിനിമ ശ്രദ്ധിച്ചിട്ടുണ്ട്. അവര്‍ സാമൂഹ്യ സന്ദേശം നല്‍കുന്ന സിനിമ കൈകാര്യം ചെയ്യുന്നവരാണ്. ആഷിഖ് എന്നെ വിളിച്ച് സംസാരിച്ചിരുന്നു. രേവതി വളരെ റേഞ്ചുള്ള ഒരു വലിയ നടിയാണ്- ഷൈലജ ടീച്ചര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

രേവതിയെ വിളിച്ച് സംസാരിച്ചിരുന്നു, എന്നേക്കാള്‍ നന്നായി കാര്യങ്ങളെ കാണുന്ന ആളാണെന്ന് രേവതിയോട് പറഞ്ഞു. വലിയ ചലഞ്ചായിരുന്നു വൈറസിലെ റോള്‍ എന്നാണ് രേവതി പറഞ്ഞത്. പക്ഷേ രേവതി ഏത് റോളും അനായാസം ചെയ്യാന്‍ കഴിവുള്ള ഒരു നടിയാണ്. സിനിമയില്‍ എന്‍റെ മാനറിസം ഒന്നുമല്ല അവര്‍ ഉദ്ദേശിക്കുന്നത്. അതൊരു കൂട്ടായ വര്‍ക്കാണ്. കാണുമ്പോള്‍ രേവതിയെയും എന്നെയും ഒരുപോലെ തോന്നുന്നു എന്ന് എല്ലാവരും പറയുന്നുണ്ട്. ആഷിഖ് ആ ചിത്രം അയച്ചപ്പോള്‍ മൈ സിസ്റ്റര്‍ എന്ന് കമന്‍റ് തിരിച്ചയച്ചു- ഷൈലജ ടീച്ചര്‍ പറഞ്ഞു. 

നിപ്പകാലത്തെ പ്രവര്‍ത്തനങ്ങളെ ഓര്‍ക്കുമ്പോള്‍ ലിനി വേദനയും അഭിമാനവുമാണ്. രോഗമാണെന്ന് അറിഞ്ഞപ്പോള്‍ ലിനിയുടെ സമീപനം മറക്കാനാവില്ല. അവള് ഭയമല്ല പ്രകടിപ്പിച്ചത്, മരിക്കുമെന്ന് അറിയാം, താന്‍ കാരണം മറ്റൊരാള്‍ക്കും രോഗം പടരരുത്. തന്‍റെ കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കും രോഗം പടരാതിരിക്കാന്‍ നോക്കി. അതുകൊണ്ടാണ് ഭര്‍ത്താവിന് സജീഷേട്ടന്‍ ഇങ്ങോട്ട് വരാന്‍ പാടില്ലെന്ന് കുറിപ്പ് കൊടുത്തയച്ചത്. വാര്‍ഡിലുള്ളവരും പറഞ്ഞത് അവരേക്കാള്‍ കൂടുതലായി ഇത്തരം കാര്യങ്ങള്‍ ലിനിയാണ് ശ്രദ്ധിച്ചത്- ഷൈലജ ടീച്ചര്‍ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

നവമാധ്യമങ്ങളിലെ ടീച്ചര്‍ വിളിയോടും ജനങ്ങളുടെ ഇടപെടലിനെപ്പറ്റിയും മന്ത്രി പറയുന്നതിങ്ങനെ- 'നവമാധ്യമങ്ങളില്‍ പലപ്പോഴും വൈകാരികമായി ഇടപെടുന്നവരാണ്. ചിലര്‍ ആധികാരികമായും എഴുതും. ടീച്ചറമ്മ വിളിയൊക്കെ വൈകാരികമാണ്. പക്ഷേ അതൊക്കെ എനിക്ക് മാത്രം അര്‍ഹതപ്പെട്ടതല്ല. നിപ്പ കാലത്തെ പ്രവര്‍ത്തനമായാലും ആര്‍ദ്രം മിഷന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്നതുമായ ഒരു ടീമുണ്ട്.  ഞങ്ങള്‍ എന്നൊരു ഫീലിംഗ് ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ആ കൂട്ടായ്മയാണ് ഇതെല്ലാം ചെയ്യുന്നത്. അല്ലാതെ ഷൈലജ ടീച്ചര്‍ക്ക് മാത്രമായി അതിനകത്ത് റോളില്ല'. 

ഫേസ്ബുക്കിലെ ഇടപെടലിനൊക്കെ സഹായിക്കുന്നത് എന്‍റെ ടീമാണ്. ഇടപെടുന്നവരെ വിശ്വാസത്തിലെടുക്കാനാണ് അവരെ നേരിട്ട് വിളിക്കുന്നതും സംസാരിക്കുന്നതും.  നമ്മുടെ ഒരു വിളി, മന്ത്രി വിളിക്കുന്നു എന്നത് അവര്‍ക്കൊരു ആശ്വാസമുണ്ടാക്കും. ആ ആശ്വാസം നമ്മളില്‍ സന്തോഷമുണ്ടാക്കും. എല്ലാവരെയും ഒന്നും വിളിക്കാന്‍ പറ്റില്ല, ആയിരക്കണക്കിന് ആളുകളുണ്ട്.എങ്കിലും ചിലരോടൊക്കെ സംസാരിച്ചാല്‍ അവര്‍ക്കത് ആത്മവിശ്വാസമാകും.

നിരവധി ആവശ്യങ്ങള് ഫേസ്ബുക്കിലൂടെ ഒക്കെ വരുന്നുണ്ട്. അത് വലിയ വെല്ലുവിളിയാണ്. എല്ലാ അപേക്ഷകളും നോക്കി, അതിലെ പ്രയോറിറ്റി നോക്കി നടപടി എടുക്കും. പക്ഷെ സിസ്റ്റത്തെ ബൈപാസ് ചെയ്യാന്‍ പറ്റില്ല. സഹായിക്കാന്‍ മനസുള്ളവരുണ്ടാകും, ഫണ്ട് കളക്ഷനുമൊക്കെ നടക്കുന്നുണ്ടാകും. പക്ഷേ അതൊക്കെ സിസ്റ്റത്തിനുള്ളില്‍ നിന്നാവണം. വളരെ അടിയന്തരമുള്ള ആവശ്യങ്ങളിലാണ് ഫേസ്ബുക്കിലുള്ള ആവശ്യങ്ങളില്‍ നടപടിയെടുക്കുന്നത്- മന്ത്രി വ്യക്തമാക്കി. 

അഭിമുഖത്തിന്‍റെ പൂര്‍ണരൂപം കാണാം

"

click me!