വെള്ളം കരുതുക; എപ്പോഴും കുടിക്കുക: ആരോഗ്യമന്ത്രിയുടെ ജാഗ്രതാ നിർദേശം

By Web TeamFirst Published Mar 24, 2019, 7:53 PM IST
Highlights

ഇനിയുള്ള ദിവസങ്ങളിൽ പെട്ടന്നൊന്നും ചൂട് കുറയാനുള്ള സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ പറയുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മാത്രം ഏഴ് പേർക്ക് സൂര്യാഘാതമേറ്റതിനെത്തുടർന്ന് ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ മന്ത്രി കെ കെ ഷൈലജ. എപ്പോഴും വെള്ളം കരുതുകയും കുടിക്കുകയും ചെയ്യുക. ശരീരത്തിന് വളരെപ്പെട്ടന്നാണ് നിർജലീകരണം സംഭവിക്കുന്നതെന്നും ആരോഗ്യമന്ത്രി. ഇനിയുള്ള ദിവസങ്ങളിൽ പെട്ടന്നൊന്നും ചൂട് കുറയാനുള്ള സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ പറയുന്നത്. എന്നാൽ ഉഷ്ണക്കാറ്റ് ഉണ്ടാവാനുള്ള സാധ്യതയില്ലെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പിനെ സംബന്ധിച്ചുള്ള ആശങ്ക കനത്ത ചൂടിനെത്തുടർന്നുണ്ടാകുന്ന രോഗങ്ങളെക്കുറിച്ചാണ്. വെള്ളം ഇല്ലാതാവുമ്പോൾ ആളുകൾ ദൂരെ സ്ഥലങ്ങളിൽ നിന്നെല്ലാം വെള്ളം കൊണ്ട് വരും. ശുദ്ധജലമല്ലെങ്കിൽ ടൈഫോയിഡ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളൊക്കെ വരാം. ഇതിനുള്ള മുൻ കരുതലുകൾ കൂടി എടുക്കേണ്ടതുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ഒരു മാസത്തിനിടെ 118 പേ‍ർക്ക് സംസ്ഥാനത്ത് സൂര്യാഘാതമേറ്റെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും കണ്ണൂരിലും കുഴഞ്ഞ് വീണ് മരിച്ച മൂന്ന് പേർക്കും സൂര്യാഘാതമേറ്റതായി സംശയമുണ്ട്. ഇവരുടെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാകുകയുള്ളൂ.

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് മൂന്ന് പേർ മരിച്ചതായാണ് റിപ്പോർട്ട്. തിരുവനന്തപുരം പാറശാലയിലും  പത്തനംതിട്ട മാരാമണ്ണിലും കണ്ണൂർ വെള്ളോറയിലുമായി മൂന്ന് പേർ കുഴഞ്ഞ് വീണ് മരിച്ചത് സൂര്യാഘാതം മൂലമാണെന്നാണ് പ്രാഥമിക നിഗമനം. കാസർകോട്ട് കുമ്പളയിൽ മൂന്ന് വയസുകാരിക്കും, കൊല്ലത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആർഎസ്‍പി നേതാവിനും സൂര്യാഘാതമേറ്റു.

സംസ്ഥാനത്ത് പതിനൊന്ന് ജില്ലകളില്‍ നാളെയും മറ്റന്നാളും സൂര്യഘാതത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. താപനില ശരാശരിയില്‍ നിന്നും മൂന്ന് മുതൽ നാലു ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുളളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

click me!