ഭിന്നശേഷി സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കാൻ ഒരുങ്ങുന്നു. ഇതുസംബന്ധിച്ച അനുകൂല നിയമോപദേശം സർക്കാരിന് ലഭിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം: ഭിന്നശേഷി അധ്യാപക സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ സുപ്രീം കോടതി ഉത്തരവ് മറ്റ് മാനേജ്മെൻ്റുകൾക്ക് കൂടി ബാധകമാക്കാനുള്ള നിർണ്ണായക തീരുമാനമെടുത്ത് സംസ്ഥാന സർക്കാർ. തെരഞ്ഞെടുപ്പ് അടുത്തിരികെ പ്രതിഷേധവുമായി തെരുവിലേക്കിറങ്ങിയ ക്രൈസ്തവ സഭയെ അനുനയിപ്പിക്കാനാണ് സ‍ർക്കാർ മുൻ നിലപാട് തിരുത്തിയത്. അതേസമയം, അന്തിമ തീരുമാനം സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിച്ചായിരിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കും.

കർദ്ദിനാൾ ക്ലിമീസ് ബാവയുടെ നേതൃത്വത്തിൽ സഭാനേതൃത്വവും മറ്റ് എയ്ഡഡ് മാനേജ്മെൻ്റുകളും സെക്രട്ടറിയേറ്റിന് മുന്നിലേക്ക് പ്രത്യക്ഷ സമരവുമായിറങ്ങിയത് ആഴ്ചകൾക്ക് മുമ്പാണ്. ഈ രോഷം നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് കണ്ടാണ് ഭിന്നശേഷി സംവരണത്തിലെ സർക്കാറിൻ്റെ മലക്കംമറിച്ചിലും അതിവേഗ തീരുമാനവും. കഴിഞ്ഞവർഷം എൻഎസ്എസിന് അനുകൂല ഉത്തരവ് സുപ്രീം കോടതിയിൽ ഉണ്ടായി. ആ ഉത്തരവിൽ സമാനസ്വഭാവമുള്ള മറ്റ് വിഭാഗങ്ങൾക്കും ബാധകമെന്ന് പറ‍ഞ്ഞിട്ടും സർക്കാർ സഭകളെയും മറ്റ് മാനേജ്മെൻ്റുകളെയും പരിഗണിച്ചില്ല. സഭ ഹൈക്കോടതിയെ സമീപിച്ചപ്പോൾ തീരുമാനം സ‍ർക്കാറിന് വിട്ടു. അന്ന് നിയമോപദേശം എൻഎസ്എസിന് മാത്രം വിധി ബാധകമെന്ന് പറഞ്ഞ് വീണ്ടും സർക്കാർ ഉഴപ്പി. ഒടുവിൽ സഭയും മാനേജ്മെൻ്റുകളും സുപ്രീം കോടതിയിലേക്ക് നീങ്ങിയതും പ്രത്യക്ഷ പ്രതിഷേധം കടുപ്പിച്ചതും വീണ്ടും വിചാരത്തിന് കാരണമായി.

അഡ്വക്കേറ്റ് ജനറലിൻ്റെ ഉപദേശവും സുപ്രീം കോടതിയിൽ ഹാജരാകുന്ന മുതിർന്ന അഭിഭാഷകരുടെ ഉപദേശവും കണക്കിലെടുത്താണ് തീരുമാനമെന്നാണ് വിശദീകരണം. അടുത്തിടെ ഉത്തരവ് മറ്റുള്ളവർക്കും ബാധകമാക്കുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ശമ്പളം കിട്ടാത്ത 20000ത്തോളം അധ്യാപകർക്ക് പുതിയ തീരുമാനപ്രകാരം നിയമന അംഗീകാരം കിട്ടും. പക്ഷേ, ഉത്തരവ് സുപ്രീം കോടതി വിധിപ്രകാരമെന്ന ഉപാധിയും വെച്ചിട്ടുണ്ട്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming