നിപ പ്രതിരോധത്തിന് സംസ്ഥാന തല കൺട്രോൾ സെൽ; 11 പേർക്ക് രോഗലക്ഷണം, എട്ട് പേരുടെ ഫലം ഇന്ന് വരും

By Web TeamFirst Published Sep 6, 2021, 7:34 PM IST
Highlights

നിലവിൽ രോഗലക്ഷണങ്ങളുള്ളവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ല. മെഡിക്കൽ കോളേജിലെ പരിശോധന ലാബ് സജ്ജമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. എട്ട് പേരുടെ പരിശോധന ഫലം ഇന്ന് തന്നെ കിട്ടും. ബാക്കിയുള്ള മൂന്ന് പേരുടെ സാമ്പിളുകൾ ഇന്ന് പരിശോധനയ്ക്കായി അയക്കും. 

കോഴിക്കോട്: നിപ സ്ഥിരീകരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 251 പേരെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. 38 പേർ ഐസൊലേഷനിലാണ്. 11 പേർക്ക് രോഗ ലക്ഷണങ്ങളുണ്ട്. എട്ട് പേരുടെ സാമ്പിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നിരീക്ഷണത്തിലുള്ള 121 പേർ ആരോഗ്യ പ്രവർത്തകരാണ്. 54 പേർ ഹൈ റിസ്ക് വിഭാഗത്തിലുള്ളവരും. രോഗം ബാധിച്ച് മരിച്ച് കുട്ടിയുടെ അമ്മയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. നാളെ മുതൽ ചാത്തമംഗലത്ത് വീടുവീടാന്തരം നിരീക്ഷണം നടത്തും. 

നിലവിൽ രോഗലക്ഷണങ്ങളുള്ളവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ല. മെഡിക്കൽ കോളേജിലെ പരിശോധന ലാബ് സജ്ജമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. എട്ട് പേരുടെ പരിശോധന ഫലം ഇന്ന് തന്നെ കിട്ടും. ബാക്കിയുള്ള മൂന്ന് പേരുടെ സാമ്പിളുകൾ ഇന്ന് പരിശോധനയ്ക്കായി അയക്കും. 

മരിച്ചുപോയ കുട്ടിയുടെ താമസ സ്ഥലം മൃഗ സംരക്ഷണ വകുപ്പ് സംഘം സന്ദർശിച്ചു. അവിടെ അടുത്ത് റംബുട്ടാൻ മരങ്ങളുണ്ട്, വവ്വാലിന്റെ സാന്നിദ്ധ്യവും ഉണ്ട്. പാതി കഴിച്ച റംബുട്ടാൻ പരിശോധനക്ക് എടുത്തിട്ടുണ്ടെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

പുതിയ സംഘം

രോഗ ഉറവിടെ കണ്ടെത്താൻ പുതിയൊരു സംഘം കൂടി കേരളത്തിലേക്ക് വരുന്നുണ്ട്. ഭോപ്പാലിൽ നിന്നുള്ള എൻഐവി സംഘം ബുധനാഴ്ച വരും. 

സംസ്ഥാന തല കൺട്രോൾ സെൻ്റർ

സ്ഥാന തലത്തിൽ നിപ കൺട്രോൾ സെൻ്റർ തുടങ്ങിയിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി വീണാജോർജ്ജ് മറ്റ് ജില്ലകളിലെ ഡിഎംഒമാരുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തിയതായും അറിയിച്ചു. സമ്പർക്ക പട്ടികയിൽ മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരും ഉണ്ട്. മുക്കം നഗരസഭ ഉൾപ്പെടെ 5 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ കണ്ടെയ്ൻമെന്റ് സോൺ വരും.

മറ്റ് ജില്ലകളില്‍ കൂടി നിപ വൈറസ് പ്രതിരോധം ശക്തമാക്കാനാണ് സ്റ്റേറ്റ് നിപ കണ്‍ട്രോള്‍ സെല്‍. തുടര്‍ച്ചയായ ദിവസങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തുന്നതാണ്. മറ്റ് ജില്ലകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങളും പരിശീലനങ്ങളും നല്‍കാനും തീരുമാനിച്ചതായും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ രാജന്‍ എന്‍ ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ രത്തന്‍ ഖേല്‍ക്കര്‍, കെ.എം.എസ്.സി.എല്‍. എം ഡി ബാലമുരളി ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ എ റംലാ ബീവി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ മീനാക്ഷി, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

കോഴിക്കോട് ജില്ലയിലെ എല്ലാ ആശുപത്രികളിലേയും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. രോഗി വരുമ്പോള്‍ മുതല്‍ ചികിത്സ ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളിലും നിര്‍ദേശങ്ങള്‍ നല്‍കി. അസ്വാഭാവികമായ പനിയും മരണവും റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ വിദ്യ, കോഴിക്കോട് മെഡിക്കല്‍ കോളേജ് എമര്‍ജന്‍സി മെഡിസിന്‍ പ്രൊഫസര്‍ ഡോ. ചാന്ദിനി എന്നിവരാണ് പരിശീലനം നല്‍കിയത്. ഉച്ചയ്ക്ക് ശേഷം ജെ.എച്ച്.ഐ, ജെ.പി.എച്ച്.എന്‍., ആശാ വര്‍ക്കര്‍മാര്‍, സി.ഡി.പി.ഒ., അങ്കണവാടി സൂപ്പര്‍വൈസര്‍മാര്‍ എന്നിവരുടെ പരിശീലനവും നടന്നു.

മന്ത്രിമാരായ വീണാ ജോര്‍ജ്, എ കെ ശശീന്ദ്രന്‍, പി എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അവര്‍ക്ക് കൈമാറി. അവ കൃത്യമായി പാലിക്കാനും ജാഗ്രത പാലിക്കാനും ബോധവത്ക്കരണം ശക്തമാക്കാനും നിര്‍ദേശം നല്‍കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

click me!