അച്ചടക്കനടപടികളിലെ ഇരട്ടനീതി പ്രശ്നത്തിന് പരിഹാരം; രാജ്മോഹൻ ഉണ്ണിത്താനോട് വിശദീകരണം തേടും

By Web TeamFirst Published Sep 6, 2021, 7:17 PM IST
Highlights

ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമായി കെ.സുധാകരനും വിഡി സതീശനും നടത്തിയ ചർച്ചയിൽ അഭിപ്രായ ഭിന്നതകൾ മാറ്റിവച്ച് യോജിച്ച് നീങ്ങാൻ ധാരണയായതിന് പിന്നാലെയാണ് ഉണ്ണിത്താനോട് വിശദീകരണം തേടുന്നത്.

തിരുവനന്തപുരം: കോൺഗ്രസിലെ വെടിനിർത്തലിന്റെ ഭാഗമായി രാജ്മോഹൻ ഉണ്ണിത്തനോട് വിശദീകരണം തേടാൻ കെപിസിസി തീരുമാനം. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പാർട്ടി തീരുമാനത്തെ അംഗീകരിക്കാത്തവർ പുറത്ത് പോകണമെന്ന് ഉണ്ണിത്താന്റെ പ്രസ്താവനക്കെതിരെ നടപടി വേണണെന്ന ഉമ്മൻചാണ്ടിയുടേയും ചെന്നിത്തലയുടേയും ആവശ്യവും സംസ്ഥാന നേതൃത്വം അംഗീകരിച്ചു. അച്ചടക്കനടപടികളിലെ ഇരട്ടനീതി പ്രശ്നത്തിനും ഇതോടെ പരിഹാരമായി. 

ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമായി കെ.സുധാകരനും വിഡി സതീശനും നടത്തിയ ചർച്ചയിൽ അഭിപ്രായ ഭിന്നതകൾ മാറ്റിവച്ച് യോജിച്ച് നീങ്ങാൻ ധാരണയായതിന് പിന്നാലെയാണ് ഉണ്ണിത്താനോട് വിശദീകരണം തേടുന്നത്. സംസ്ഥാനത്ത് തന്നെ പ്രശ്നപരിഹാരമുണ്ടായതോടെ താരിഖ് അൻവറിൻറെ കേരള യാത്ര റദ്ദാക്കി. 

ഇന്നലെ വി ഡി സതീശൻ ഉമ്മൻചാണ്ടിയെയും ചെന്നിത്തലയെയും വീട്ടിലെത്തി കണ്ടതോടെയാണ് സമവായ അന്തരീക്ഷത്തിന് കളമൊരുങ്ങിയത്. പിന്നാലെ ചെന്നിത്തലയും ഉമ്മൻചാണ്ടിയും സുധാകരനും സതീശനും ഒരുമിച്ചിരുന്നു ചർച്ച നടത്തി. തങ്ങളെക്കൂടി  വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകണമെന്നായിരുന്നു ഉമ്മൻചാണ്ടിയുടേയും ചെന്നിത്തലയുടേയും ആവശ്യം. ചർച്ചകളിലൂടെ മാത്രമേ തീരുമാനുണ്ടാകുവെന്ന ഉറപ്പ് കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവും നൽകി. 

കലാപക്കൊടി ഉയർത്തിയ മുതിർന്ന നേതാക്കൾക്കും സംസ്ഥാന നേതൃത്വത്തിനും മുഖം രക്ഷിക്കാൻ ഒത്ത് തീർപ്പ് അനിവാര്യമായിരുന്നു. ഹൈക്കമാൻഡും ഘടകകക്ഷികളും കടുത്ത അതൃപ്തി അറിയിച്ചതോടൊണ് ഔദ്യോഗിക നേതൃത്വം അനുനയത്തിന് തയ്യാറായത്. ഗ്രൂപ്പിൽ നിന്നും വ്യാപക ചോർച്ച ഉണ്ടാകുന്ന സാഹചര്യത്തിൽ പ്രതിഷേധം തുടർന്ന് കൊണ്ടുപോകാൻ ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കും പരിമിതികളുമുണ്ടായിരുന്നു. കെപിസിസി പുനസംഘടനയിൽ ഇരുനേതാക്കളും ഉന്നയിക്കുന്ന ആവശ്യങ്ങൾ എത്രത്തോളം ഔദ്യോഗിക നേതൃത്വം പരിഗണിക്കും എന്നതി ആശ്രയിച്ചിരിക്കും സമവായത്തിൻറെ ഭാവി. 

click me!