
കൊല്ലം: പുതിയ കൊവിഡ് വകഭേദം ഒമിക്രോൺ സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ നിർദ്ദേശം കഴിഞ്ഞ ദിവസം ലഭിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. എല്ലാ വിമാനത്താവളങ്ങളിലും ഗൗരവമായ പരിശോധന നടത്താൻ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തുന്നവർക്ക് ഹോം ക്വാറന്റീൻ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
പുതിയ വകഭേദം വാക്സിനെ അതിജീവിക്കുന്നതാണോ എന്ന് ലോകാരോഗ്യ സംഘടനയുടെ പരിശോധന നടക്കുകയാണ്. കേരളത്തിൽ വൈറസിന്റെ ജനിതക വകഭേദങ്ങളെപ്പറ്റി പഠനം നടക്കുന്നുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
അട്ടപ്പാടിയിലെ ശിശുമരണങ്ങൾ സംബന്ധിച്ച സാഹചര്യം വിവിധ വകുപ്പുകൾ സംയുക്തമായി പരിശോധിക്കും. പോഷകാഹാരക്കുറവ് സംബന്ധിച്ച വിശദമായ പഠനം നടത്തുമെന്നും മന്ത്രി പ്രതികരിച്ചു.
ഒമിക്രോൺ അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള വകഭേദം
ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ തീവ്ര കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന ഒമിക്രോൺ എന്ന് നാമകരണം ചെയ്തു. അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള ഒമിക്രോണിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വക ഭേദം എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്.
യഥാർത്ഥ കൊറോണ വൈറസിൽ നിന്ന് ഏറെ മാറ്റം സംഭവിച്ച ഒമിക്രോൺ രോഗമുക്തരായവരിലേക്ക് വീണ്ടും പകരാൻ സാധ്യത കൂടുതലാണ്. ആഫ്രിക്കൻ രാജ്യങ്ങൾക്കും ഹോങ്കോങ്ങിനും പിന്നാലെ യൂറോപ്പിലും ഇന്നലെ ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ബെൽജിയത്തിലാണ് യൂറോപ്പിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. ഈജിപ്റ്റിൽ നിന്ന് വന്ന യാത്രക്കാരിയിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പിന്നാലെ അമേരിക്ക, യുകെ, ,ജപ്പാൻ, സിംഗപ്പൂർ , യുഎഇ , ബ്രസീൽ തുടങ്ങിയ രാഷ്ട്രങ്ങൾ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം പ്രഖ്യാപിച്ചു.
നിലവിൽ ദക്ഷിണാഫ്രിക്ക, ഹോങ്കോങ് , ഇസ്രായേൽ, ബോറ്റ്സ്വാന, ബെൽജിയം എന്നീ രാജ്യങ്ങളിലായി നൂറോളം പേരിലാണ് ഒമക്രോണിന്റെ സാന്നിധ്യം കണ്ടെത്തിയത്. സ്ഥിതി വിലയിരുത്താൻ ലോകാരോഗ്യ സംഘടന അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam