Attappadi Infant Death : അട്ടപ്പാടിയിൽ ഈ വർഷം മാത്രം മരിച്ചത് 12 കുട്ടികൾ, പഠിക്കാൻ വിദഗ്ധസമിതി

By Web TeamFirst Published Nov 27, 2021, 10:30 AM IST
Highlights

ഇന്നലെ മരിച്ച ആറ് വയസ്സുകാരിയടക്കം അട്ടപ്പാടിയിൽ ഈ വർഷം മാത്രം 12 കുട്ടികളാണ് മരിച്ചത്. ഇതിൽ 11 പേരും നവജാതശിശുക്കൾ. മണ്ണാർക്കാട് താലൂക്കാശുപത്രിയിൽ വച്ച് മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞ് മരിക്കാൻ കാരണം ന്യൂമോണിയയാണെന്ന് പാലക്കാട് ഡിഎംഒ പറയുന്നു. 

പാലക്കാട്: രാജ്യത്ത് ഏറ്റവും കുറവ് ദാരിദ്ര്യമുള്ള സംസ്ഥാനം കേരളമാണെന്ന നീതി ആയോഗിന്‍റെ റിപ്പോർട്ട് പുറത്തുവന്ന ദിവസം തന്നെ അട്ടപ്പാടിയിൽ ഈ വർഷം പന്ത്രണ്ടാമത് ഒരു കുട്ടി കൂടി മരിച്ചതായ റിപ്പോർട്ടും പുറത്തുവന്നു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ചിണ്ടക്കി ഊരിലെ കടുകുമണ്ണ സ്വദേശികളായ ജെക്കി, ചെല്ലൻ ദമ്പതികളുടെ മകൾ ആറ് വയസ്സുള്ള ശിവരഞ്ജിനി മരിച്ചത്. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട മൂന്നാമത്തെ മരണമാണിത്. ശ്വാസം മുട്ടുണ്ടായതിനെത്തുടർന്ന് ശിവരഞ്ജിനിയെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെന്‍റിലേറ്റർ സഹായം നൽകിയെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. 

സെറിബ്രൽ പാൾസിയാണ് കുട്ടിയുടെ മരണകാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്. കുട്ടിയ്ക്ക് രക്തക്കുറവുണ്ടായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. 

ഇന്നലെ മരിച്ച ആറ് വയസ്സുകാരിയടക്കം അട്ടപ്പാടിയിൽ ഈ വർഷം മാത്രം 12 കുട്ടികളാണ് മരിച്ചത്. ഇതിൽ 11 പേരും നവജാതശിശുക്കൾ. ഇന്നലെ മാത്രം അട്ടപ്പാടിയിൽ മൂന്ന് കുട്ടികൾ മരിച്ചു. നാല് ദിവസത്തിനുള്ളിൽ മരിച്ച കുട്ടികളുടെ എണ്ണം അ‍ഞ്ചായി. ഒരു അമ്മയും അരിവാൾ രോഗബാധിതയായി മരിച്ചു. മണ്ണാർക്കാട് താലൂക്കാശുപത്രിയിൽ വച്ച് മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞ് മരിക്കാൻ കാരണം ന്യൂമോണിയയാണെന്ന് പാലക്കാട് ഡിഎംഒ പറയുന്നു. 

അട്ടപ്പാടിയിലെ കുട്ടികളുടെ മരണം പഠിക്കാൻ പ്രത്യേകസമിതി രൂപീകരിക്കുമെന്ന് പാലക്കാട് ഡിഎംഒ ഡോ. കെ റീത്ത വ്യക്തമാക്കി. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നിരീക്ഷണം കർശനമാക്കും. മെഡിക്കൽ കോളേജിലെ വിദഗ്ധഡോക്ടർമാരടങ്ങുന്ന സംഘത്തിന്‍റെ നേതൃത്വത്തിൽ ഉപദേശകസമിതി രൂപീകരിക്കുമെന്നും ഡോ. കെ റീത്ത അറിയിച്ചു. ഇന്നലെ മൂന്ന് ദിവസം പ്രായമുള്ള കുട്ടി മരിച്ച വീട്ടിയൂരിൽ ഡിഎംഒ സന്ദർശനം നടത്തി. 

ശിശു മരണങ്ങൾ കൂടിയ സാഹചര്യം വിലയിരുത്താൻ മന്ത്രി കെ രാധാകൃഷ്ണൻ ഇന്ന് അട്ടപ്പാടിയിലെത്തിയിട്ടുണ്ട്. രാവിലെ പത്തിന് അഗളിയിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗമാണ് ആദ്യം. പിന്നീട് ശിശുമരണങ്ങൾ നടന്ന ഊരുകളിൽ മന്ത്രി എത്തും. പോഷകാഹാരം നൽകുന്നതിനുള്ള പദ്ധതിയുണ്ടായിട്ടും ശിശുമരണം എങ്ങനെ ഉണ്ടാവുന്നു എന്ന് പരിശോധിക്കണമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. 

'ആക്ഷൻ പ്ലാൻ വേണം'

രണ്ട് വർഷങ്ങൾക്കുള്ളിൽ അട്ടപ്പാടിയിലെ എല്ലാ ആരോഗ്യപ്രശ്നങ്ങളും പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും, ഇതിന് കൃത്യമായ ആക്ഷൻ പ്ലാൻ ഉണ്ടാകണമെന്നും മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കി. ആരോഗ്യവകുപ്പ്, വനം വകുപ്പ്, ആദിവാസിക്ഷേമവകുപ്പ്, പൊലീസ് എന്നിങ്ങനെ വിവിധ വകുപ്പുകളുടെ സംയുക്തയോഗമാണ് അട്ടപ്പാടി അഗളിയിലെ കിലയിൽ നടന്നത്. 

തുടർച്ചയായ ശിശു മരണങ്ങൾ

വീട്ടിയൂർ ഊരിലെ ഗീതു - സുനീഷ് ദമ്പതികളുടെ മൂന്ന് ദിവസം പ്രായമുള്ള ആൺകുഞ്ഞ് മണ്ണാർക്കാട് താലൂക്കാശുപത്രിയിൽ വച്ചാണ് മരിച്ചത്. വ്യാഴാഴ്ച തൂവ ഊരിലെ വള്ളി- രാജേന്ദ്രൻ ദമ്പതികളുടെ ഒന്നരമാസം പ്രായമായ കുഞ്ഞും, കുറവന്‍ കണ്ടി തുളസിയുടെയും ബാലകൃഷ്ണന്‍റെയും കുഞ്ഞും മരിച്ചിരുന്നു. പിന്നീട് അരിവാൾ രോഗബാധിതയായ തുളസിയും തൃശ്ശൂർ മെഡിക്കൽ കോളേജാശുപത്രിയിൽ വച്ച് മരിച്ചു. 

അട്ടപ്പാടി ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഗര്‍ഭിണികള്‍ക്ക് വിദഗ്ധ ചികിത്സ ലഭിക്കുന്നില്ലെന്ന് ആദിവാസികൾ തന്നെ ആരോപിക്കുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ മതിയായ ചികിത്സാ സൗകര്യങ്ങളില്ലാത്തതിനെതിരെ മണ്ണാർക്കാട് എംഎൽഎ എൻ ഷംസുദ്ദീനും രംഗത്തെത്തി. 

ജനനി - ജന്മരക്ഷാ പദ്ധതി മുടങ്ങിയിട്ട് മാസങ്ങൾ

നവജാതശിശുക്കളുടെ മരണം ആവർത്തിക്കുമ്പോൾ സംസ്ഥാനസർക്കാരിന്‍റെ ജനനി - ജന്മരക്ഷാ പദ്ധതിയുടെ ആനുകൂല്യം അട്ടപ്പാടിയിലെ അമ്മമാർക്ക് കിട്ടിയിട്ട് മൂന്ന് മാസമായെന്ന് അധികൃതർ തന്നെ സമ്മതിക്കുന്നു. അട്ടപ്പാടിയിലെ ഗര്‍ഭിണികളും മുലയൂട്ടുന്നവരുമായ ആദിവാസി വനിതകൾക്ക് മാസം രണ്ടായിരം രൂപയാണ് ഈ പദ്ധതി വഴി നൽകിയിരുന്നത്. പോഷകാഹാരത്തിനായി മൂന്നാം മാസം മുതൽ പതിനെട്ട് മാസം വരെയാണ് രണ്ടായിരം രൂപ വിതരണം ചെയ്യുക.േ മൂന്ന് മാസമായിട്ട് ഈ തുക മുടങ്ങിക്കിടക്കുകയാണ്. 

എട്ട് കൊല്ലം മുമ്പ് ശിശുമരണം തുടർക്കഥയായപ്പോൾ നടപ്പാക്കിയ പദ്ധതിയാണ് ജനനി - ജന്മരക്ഷ. ഐടിഡിപി യുടെ കണക്കു പ്രകാരം അട്ടപ്പാടിയിൽ ജനനി ജന്മരക്ഷ പദ്ധതി പ്രകാരം  560-നടുത്ത് ​ഗുണഭോക്താക്കളാണ് ഈ വർഷം ഉള്ളത്. ഒരു കോടി രൂപ ഇതിനായി നവംബർ 22- ന് പാസ്സായിട്ടുണ്ട്. മറ്റു നടപടി ക്രമങ്ങൾ കഴിഞ്ഞാലുടൻ ​ഗുണഭോക്താക്കളിലേക്ക് പണം എത്തിക്കുമെന്ന് ഐടിഡിപി പ്രൊജക്ട് ഓഫീസർ വിശദീകരിക്കുന്നു. എന്നാൽ ഇപ്പോൾ പാസ്സായിട്ടുള്ള തുകയുടെ പകുതിയും കുടിശ്ശിക കൊടുത്തുതീർക്കാനേ തികയൂ എന്നതാണ് യാഥാർഥ്യം. ജനനി ജന്മ രക്ഷ പുന:സ്ഥാപിക്കുന്നതിനൊപ്പം, ആദിവാസി അമ്മമാരുടെ രക്തക്കുറവ് ഉൾപ്പടെയുള്ള പ്രശ്നം പരിഹരിക്കുന്നതിന് ദീർഘകാല പദ്ധതിയും അട്ടപ്പാടിയിൽ ഉടൻ രൂപീകരിച്ചേ പറ്റൂ. 

അട്ടപ്പാടിയിലെ ആദിവാസികളുടെ ഏക ആശ്രയമായ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ കുറവിനൊപ്പം മൂന്ന് മാസം ശമ്പളവും കുടിശ്ശികയായതോടെ 59 താത്കാലിക ജീവനക്കാരെ ഇക്കഴിഞ്ഞ ആഴ്ച കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു.

click me!