
കോട്ടയം: ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടതിനെ തുടർന്നാണ് കൊട്ടാരക്കരയിൽ വെച്ച് ആശുപത്രിയിലേക്ക് മാറ്റിയത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കോട്ടയത്ത് ഇന്ന് മുഖ്യമന്ത്രി വിളിച്ച അവലോകന യോഗത്തിൽ പങ്കെടുക്കാനാണ് മന്ത്രി എത്തിയത്. ഇതിനിടെയാണ് കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണത്. സ്ഥലത്ത് എത്തിയ മന്ത്രി കാര്യമായ അപായമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് പറഞ്ഞത്. എന്നാൽ 11 മണിയോടെ കെട്ടിടം തകർന്ന ശേഷം ഉച്ചയോടെയാണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിനെ കാണാനില്ലെന്ന വിവരം പുറത്തുവന്ന് തിരച്ചിൽ തുടങ്ങിയത്. പിന്നീട് മൃതദേഹം കണ്ടെത്തിയതോടെ മന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസിൻ്റെ തുറന്നുപറച്ചിൽ ഉയർത്തിയ വിവാദം കെട്ടങ്ങും മുൻപാണ് കോട്ടയം മെഡിക്കൽ കോളേജിലെ സംഭവം. ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാനത്തെമ്പാടും വലിയ പ്രതിഷേധം ഉയർന്നിരുന്നു. കോട്ടയത്ത് മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആറ് മണിയോടെയാണ് മന്ത്രി കോട്ടയത്ത് നിന്ന് മടങ്ങിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam