ആലപ്പുഴ മെഡിക്കല്‍ കോളേജിന് സീറ്റ് നഷ്ടപ്പെടില്ല, കേരള ക്വാട്ടയിലും നിയമനം നടത്തും: മന്ത്രി വീണാ ജോര്‍ജ്

Published : Jul 27, 2023, 07:43 PM IST
ആലപ്പുഴ മെഡിക്കല്‍ കോളേജിന് സീറ്റ് നഷ്ടപ്പെടില്ല, കേരള ക്വാട്ടയിലും നിയമനം നടത്തും: മന്ത്രി വീണാ ജോര്‍ജ്

Synopsis

കേരള ക്വാട്ടയിലും നിയമനം നടത്താനുള്ള നടപടികളും അഡ്മിഷന്‍ സുഗമമാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: ആലപ്പുഴ മെഡിക്കല്‍ കോളേജിന് എം.ബി.ബി.എസ്. സീറ്റുകള്‍ നഷ്ടമാകില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ വര്‍ഷം 175 എം.ബി.ബി.എസ്. സീറ്റുകളിലും അഡ്മിഷന്‍ നടത്താനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ആള്‍ ഇന്ത്യാ ക്വാട്ട സീറ്റുകള്‍ എന്‍.എം.സി. സീറ്റ് മെട്രിക്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരള ക്വാട്ടയിലും നിയമനം നടത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മാത്രമല്ല അഡ്മിഷന്‍ സുഗമമാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ആലപ്പുഴ മെഡിക്കൽ കോളേജിലെ 150 എംബിബിഎസ് സീറ്റുകളുടെ അംഗീകാരം ദേശീയ മെഡിക്കൽ കമ്മീഷൻ  എടുത്തുകളഞ്ഞിരുന്നു.  പുതിയ ബാച്ചിലേക്കുള്ള 150 സീറ്റുകളുടെ അംഗീകാരമാണ് എടുത്തുകളഞ്ഞത്. 2023 ഫെബ്രുവരി മാസത്തിലാണ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എന്‍.എം.സി. ഇന്‍സ്‌പെക്ഷന്‍ നടത്തിയത്. അന്ന് ചൂണ്ടിക്കാണിച്ച ചില തസ്തികകള്‍, പഞ്ചിംഗ് മെഷീന്‍, സിസിടിവി ക്യാമറ തുടങ്ങിയവയുടെ കുറവുകള്‍ പരിഹരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് അപ്പോള്‍ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. 

ഇതിന്റെയടിസ്ഥാനത്തില്‍ ജൂണ്‍ മൂന്നിന് കംപ്ലെയിന്‍സ് റിപ്പോര്‍ട്ടും ജൂലൈ പത്തിന് പഞ്ചിംഗ് മെഷീന്‍ ഉള്‍പ്പെടെയുള്ള കുറവുകള്‍ പരിഹരിച്ചുള്ള റിപ്പോര്‍ട്ടും എന്‍.എം.സിയ്ക്ക് മെഡിക്കല്‍ കോളേജ് സമര്‍പ്പിച്ചിട്ടുണ്ട്. കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് ആരോഗ്യ വകുപ്പ് നല്‍കിയ പ്രൊപ്പോസല്‍ ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്.

പരിശോധനകളുടെ അടിസ്ഥാനത്തില്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങള്‍ പരിഹരിച്ചു കൊണ്ടാണ് അതാത് സമയങ്ങളില്‍ അഡ്മിഷന്‍ നടത്തുന്നത്. അതിനാല്‍ തന്നെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി പറഞ്ഞു. കോന്നി, ഇടുക്കി മെഡിക്കല്‍ കോളേജുകളിലും ഈ വര്‍ഷത്തെ 100 എം.ബി.ബി.എസ്. സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് എന്‍.എം.സി. അംഗീകാരം നല്‍കിയിട്ടുണ്ട്. പി.ജി. സീറ്റുകള്‍ നിലനിര്‍ത്താനും ആവശ്യമായ നടപടി സ്വീകരിച്ചിട്ടുള്ളതായും ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി.

Read More : ഒറ്റ ദിവസം 3340 പരിശോധനകൾ; 25 സ്ഥാപനങ്ങൾ അടപ്പിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്, 1470 സ്ഥാപനങ്ങൾക്ക് നോട്ടീസ് 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ
പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു