Anupama : 'അനുപമയ്ക്ക് ഒപ്പമായിരുന്നു സർക്കാര്‍'; എത്രയും വേഗം കുഞ്ഞിനെ കിട്ടട്ടെയെന്ന് വീണ ജോര്‍ജ്

By Web TeamFirst Published Nov 23, 2021, 5:54 PM IST
Highlights

അനുപമയുടെ കുഞ്ഞിനെ ദത്തെടുത്ത ദമ്പതികൾക്ക് ദത്തുനടപടികളില്‍ ഇനി മുൻഗണന ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം ദമ്പതികളെ അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് മുൻഗണന നൽകണമെന്ന് ദേശീയ അഡോപ്ഷൻ ഏജൻസിയെ അറിയിച്ചതായും മന്ത്രി പറഞ്ഞു. 
 

തിരുവനന്തപുരം: വിവാദമായ ദത്തുകേസില്‍ പരാതിക്കാരിയായ അനുപമയ്ക്ക് (anupama s chandran) ഒപ്പമായിരുന്നു സർക്കാരെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് (Veena George). അനുപമയ്ക്ക് എത്രയും വേഗം കുഞ്ഞിനെ കിട്ടട്ടേയെന്നും വകുപ്പുതല അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അനുപമയുടെ കുഞ്ഞിനെ ദത്തെടുത്ത ദമ്പതികൾക്ക് ദത്തുനടപടികളില്‍ ഇനി മുൻഗണന ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം ദമ്പതികളെ അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് മുൻഗണന നൽകണമെന്ന് ദേശീയ അഡോപ്ഷൻ ഏജൻസിയെ അറിയിച്ചതായും മന്ത്രി പറഞ്ഞു. 

എന്നാല്‍ അനുപമയുടെ കുഞ്ഞിന്‍റെ ദത്ത് നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും ശിശുക്ഷേമ സമിതിയും ഇടപെട്ടില്ലെന്നതിന്‍റെ തെളിവുകളും മൊഴികളും അന്വേഷണത്തിന്‍റെ അദ്യഘട്ടത്തില്‍ തന്നെ കിട്ടിയിരുന്നു. കുഞ്ഞ് ദത്ത് പോകുന്നതിന് മുമ്പ് തന്നെ അനുപമ കുഞ്ഞിനെത്തേടി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുമ്പാകെ പരാതിയുമായി എത്തിയതിനും തെളിവുകളുണ്ട്. ഏപ്രില്‍മാസം 22 ന് സിറ്റിംഗ് നടത്തിയത് ഏഷ്യാനെറ്റ് ന്യൂസ് തന്നെ തെളിവുകള്‍ സഹിതം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ആ സമയത്ത് ഇടപെട്ടിരുന്നു എങ്കില്‍ ദത്ത് തടയാമായിരുന്നെന്നും അനുപമ അടക്കം നിരവധി പേര്‍ മൊഴി നല്‍കിയിട്ടുണ്ട്. അനുപമയുടെ പരാതി കേട്ടിട്ടും പൊലീസില്‍ വിവരമറിയിക്കാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി തയ്യാറായില്ല എന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. എന്‍ സുനന്ദ തന്നെ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു.

ദത്ത് പോയതിന് ശേഷം നാലാംദിവസം അനുപമ വീണ്ടും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയിലെത്തിയിരുന്നു. അതേദിവസം ശിശുക്ഷേമ സമിതിയിലും എത്തി. എന്നിട്ടും അനങ്ങിയില്ല. ഒക്ടോബര്‍ 14 ന് സംഭവം ദൃശ്യമാധ്യമത്തിലൂടെ പുറത്തുവന്നതിന് ശേഷവും ഒക്ടോബര്‍ 16 ന് കുടുംബകോടതിയില്‍ ശിശുക്ഷേമ സമിതി ഇടപെടാത്തതും വീഴ്ചയ്ക്ക് തെളിവാണ്. അനുപമയുടെ ആണ്‍കുഞ്ഞിനെ പെണ്‍കുഞ്ഞാക്കി രജിസ്റ്ററില്‍ രേഖപ്പെടുത്തിയതും നേരത്തെ തന്നെ വിവാദമായിരുന്നു. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടിവി അനുപമയുടെ റിപ്പോര്‍ട്ട് അടുത്താഴ്ച സര്‍ക്കാരിന് കിട്ടുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചത്.  

അമ്മ അറിയാതെ ദത്ത് നൽകിയ കുഞ്ഞിനെ ഒടുവിൽ യഥാ‍ർത്ഥ അമ്മയായ അനുപമയ്ക്കും അച്ഛന്‍‌ അജിത്തിനും കിട്ടുകയാണ്. കുഞ്ഞ് അനുപമയുടേതും പങ്കാളി അജിത്തിന്‍റേതുമാണെന്ന ഡിഎൻഎ ഫലം വന്നതാണ് കേസിൽ നിർണ്ണായകമായത്. ഫലം വന്നതിന് പിന്നാലെ അനുപമയും അജിത്തും നിർമ്മലാ ശിശുഭവനിലെത്തി കുഞ്ഞിനെ കണ്ടു. ഉടൻ കുഞ്ഞിനെ തിരികെ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് അനുപമ പറഞ്ഞു. 

കുഞ്ഞിന്‍റെ യഥാർത്ഥ അച്ഛനെയും അമ്മയെയും തിരിച്ചറിഞ്ഞതോടെ ഇനി വെറും സാങ്കേതിക നടപടിക ക്രമങ്ങൾ മാത്രമാണ് ബാക്കിയായുള്ളത്. സിഡബ്ള്യൂസി കോടതിയിൽ നൽകിയ ഫ്രീ ഫോർ അഡോപ്ഷന്‍ ഡിക്ളറേഷൻ സർട്ടിഫിക്കറ്റ് ഇനി റദ്ദാക്കും. സിഡബ്ള്യൂസിക്ക് തന്നെ കുഞ്ഞിനെ അനുപമയ്ക്ക് വേണമെങ്കില്‍ കൈമാറാം. പക്ഷെ വലിയ നിയമക്കുരുക്കായ കേസായതിനാൽ കോടതിയുടെ അനുമതിയോടെയാകും നടപടികൾ. 30 നാണ് കേസ് ഇനി തിരുവനന്തപുരം കുടുംബകോടതി പരിഗണിക്കുന്നത്. പുതിയ സാഹചര്യത്തിൽ കോടതിയെ മുൻകൂട്ടി ഡിഎൻഎ ഫലം അറിയിക്കാനും സാധ്യതയുണ്ട്. 

click me!