കേന്ദ്രത്തില്‍ നിന്നും കേരളത്തിന് ലഭിക്കുന്ന വിഹിതത്തില്‍ ഇനി 11855 കോടി രൂപയുടെ വര്‍ദ്ധന. പതിനഞ്ചാമത് ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശകളാണ് കേരളത്തെ തുണച്ചത്.

തിരുവനന്തപുരം: കേന്ദ്ര ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശയില്‍ കോളടിച്ച് കേരളം. കേന്ദ്രത്തില്‍ നിന്നും കേരളത്തിന് ലഭിക്കുന്ന വിഹിതത്തില്‍ ഇനി 11855 കോടി രൂപയുടെ വര്‍ദ്ധന. പതിനഞ്ചാമത് ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശകളാണ് കേരളത്തെ തുണച്ചത്. കഴിഞ്ഞ വര്‍ഷം 24500 കോടി രൂപ ലഭിച്ച സ്ഥാനത്താണ് ഇത്തവണ 11855 കോടി രൂപ കൂടി 36355 കോടി രൂപ കേന്ദ്ര വിഹിതമായി ലഭിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

കേരളത്തിനുള്ള വിഹിതം കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറക്കുന്നുവെന്ന സംസ്ഥാനത്തിന്‍റെ ദീര്‍ഘനാളായുള്ള പരാതിക്കിടെ ആശ്വാസമായി കേന്ദ്ര ധനകാര്യ കമ്മീഷന്‍റെ തീരുമാനം. മൊത്തം വരുമാനത്തിന്‍റെ 2.382 ശതമാനം കേരളത്തിന് നല്‍കാനാണ് ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശ. നേരത്തെ ഇത് 1.925 ശതമാനമായിരുന്നു. അതായത് 24500 കോടി രൂപ കിട്ടിയിരുന്ന സ്ഥാനത്ത് ഇത്തവണ വിഹിതം 36355 കോടി രൂപയാകും. 11855 കോടി രൂപയുടെ വര്‍ദ്ധന. പുതിയ ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശ പ്രകാരം കൂടുതല്‍ പണം ലഭിക്കുമെന്ന കേരളത്തിന്‍റെ പ്രതീക്ഷയില്‍ തന്നെയായിരുന്നു കേരളം. കുറെ കൂടി ഉയര്‍ന്ന വിഹിതമായിരുന്നു കേരളം ആവശ്യപ്പെട്ടതെങ്കിലും വര്‍ദ്ധനവ് പരിഗണിച്ചതിന്‍റെ ആശ്വാസത്തിലാണ് സംസ്ഥാന ധനകാര്യ വകുപ്പ്.

കേന്ദ്ര ബജറ്റില്‍ എന്തുണ്ട് എന്നതിനേക്കാള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ആകാംക്ഷ മുഴുവന്‍ കേന്ദ്ര വിഹിതം ഉയരുമോയെന്നതിലായിരുന്നു. ഇത്തവണ ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം കൂടുതല്‍ തുക ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് സംസ്ഥാന ബജറ്റും തയ്യാറാക്കിയത്. വിഹിതം കുറഞ്ഞിരുന്നെങ്കില്‍ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാന്‍ ബുദ്ധിമുട്ടിയേനെ. എന്നാല്‍ കേന്ദ്രം സംസ്ഥാനങ്ങളുമായി പങ്കുവെക്കുന്ന മൊത്തത്തിലുള്ള നികുതി വിഹിതം 41 ല്‍ നിന്നും 50 ശതമാനമായി ഉയര്‍ത്തണമെന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യം ധനകാര്യ കമ്മീഷന്‍ തള്ളിയതിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ കേരളത്തിനുള്ള വിഹിതം കേന്ദ്രം കൂട്ടിനല്‍കിയത് രാഷ്ടീയ ചര്‍ച്ചയാകുമെന്നും ഉറപ്പ്.

YouTube video player