മെഡിക്കൽ കോളേജുകളിലെ ഡോക്ടര്‍മാരുടെ സമരം പിൻവലിച്ചു

By Web TeamFirst Published Oct 5, 2020, 5:36 PM IST
Highlights

ഡിഎംഇയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപടി പുനഃപരിശോധിക്കാമെന്നു ഉറപ്പ് നൽകിയെന്ന് ആരോഗ്യമന്ത്രി. 

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ പുഴുവരിച്ച സംഭവവുമായി ബന്ധപ്പെട്ട് സര്‍ക്കാർ എടുത്ത അച്ചടക്ക നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം പിൻവലിച്ചു. ഡിഎംഇ യുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപടി പുനഃപരിശോധിക്കാമെന്ന് ആരോഗ്യമന്ത്രി നൽകിയ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിൻവലിച്ചത്. നാളെ വൈകുന്നേരത്തിനകം റിപ്പോര്‍ട്ടിൻമേലുള്ള നടപടി ഉണ്ടാകുമെന്ന് ചര്‍ച്ചക്ക് ശേഷം ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. 

സമാനതകളില്ലാത്ത സാഹചര്യമാണ് സംസ്ഥാനത്തെ ആരോഗ്യ മേഖല നേരിടുന്നത്. മുൻ അനുഭവങ്ങളും ഇല്ല. ആയിരക്കണക്കിന് വരുന്ന രോഗികളെ പരിചരിക്കാൻ ആരോഗ്യപ്രവര്‍ത്തകര്‍ പെടാപ്പാടു പെടുകയാണെന്ന് ആരോഗ്യമന്ത്രി വിശദീകരിച്ചു. ഈ ഘട്ടത്തിലും ചെറിയ വീഴ്ചകൾ പോലും പര്‍വ്വതീകരിക്കാൻ ശ്രമം നടക്കുകയാണ്. ഇത് അംഗീകരിക്കുന്നതെങ്ങനെയും ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. 

കൊവിഡ് കാലത്തെ ജോലിഭാരവും ജീവനക്കാരുടെ കുറവും അടക്കം ചൂണ്ടിക്കാട്ടിയാണ് സമരക്കാർ സർക്കാർ നടപടിയെ എതിർത്തിരുന്നത്. അഞ്ച് പേരുടെ ജോലി ചെയ്യാൻ പലപ്പോഴും ഒരാളാണ് സർക്കാർ മെഡിക്കൽ കോളേജുകളിലുള്ളത്. രോഗികൾ ദിവസം തോറും കൂടിവരികയാണ്. സസ്പെൻഷൻ നടപടി ആരോഗ്യപ്രവർത്തകരെ ബലിയാടാക്കുന്നതാണെന്നും ആരോപിച്ചായിരുന്നു സമരം.

ജീവനക്കാരുടെ കുറവ് നികത്തുക, . സസ്പെൻഡ് ചെയ്ത ആരോഗ്യപ്രവർത്തകരെ ഉപാധികളില്ലാതെ തിരിച്ചെടുക്കുക, . ജീവനക്കാരുടെ രൂക്ഷമായ ആൾക്ഷാമത്തിനിടെ അധികച്ചുമതല ഒഴിവാക്കുക. 10 ദിവസം കൊവിഡ് ഡ്യൂട്ടിക്ക് 7 ദിവസം ഓഫ് എന്നത് റദ്ദാക്കിയ തീരുമാനമാണ് അടിയന്തരമായി പിൻവലിക്കുക. മറ്റു സർക്കാർ ജീവനക്കാർക്കൊപ്പം ആരോഗ്യപ്രവർത്തകരുടെ ശമ്പളം പിടിക്കുന്നത് നിര്‍ത്തലാക്കുക. പിടിച്ച ശമ്പളം തിരികെ നൽകുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ സര്‍ക്കാരിന് മുന്നിൽ വച്ചു

click me!