വാളയാറിൽ അതിഥി തൊഴിലാളിയായ രാം നാരായണനെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ. കള്ളനെന്ന് ആരോപിച്ച് മണിക്കൂറുകളോളം ക്രൂരമായി മർദ്ദിച്ചെന്നും ശരീരത്തിൽ 40-ലധികം മുറിവുകളുണ്ടായിരുന്നെന്നും റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് അതിഥി തൊഴിലാളിയായ രാം നാരായണനെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിൽ പ്രതികളുടെ ക്രൂരത വെളിപ്പെടുത്തുന്ന റിമാൻഡ് റിപ്പോർട്ട് പുറത്ത്. കൊല്ലണമെന്ന ബോധപൂർവമായ ഉദ്ദേശ്യത്തോടെയാണ് പ്രതികൾ രാം നാരായണനെ മർദ്ദിച്ചതെന്ന് പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഛത്തീസ്ഗഡ് സ്വദേശിയായ ഈ യുവാവിനെ മണിക്കൂറുകളോളം ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിരിക്കുന്നത്.
പോസ്റ്റ്മോർട്ടത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിൽ രാം നാരായണന്റെ ശരീരത്തിൽ തല മുതൽ കാൽ വരെ 40-ലധികം മുറിവുകളാണ് കണ്ടെത്തിയത്. തലയിലുണ്ടായ കടുത്ത രക്തസ്രാവവും ശരീരത്തിലേറ്റ ഗുരുതരമായ പരിക്കുകളുമാണ് മരണത്തിന് കാരണമായത്. കനത്ത വടികൾ ഉപയോഗിച്ച് പുറംഭാഗം അടിച്ചൊടിച്ചു. നിലത്തിട്ട് ചവിട്ടുകയും വലിച്ചിഴയ്ക്കുകയും ചെയ്തതിന്റെ അടയാളങ്ങൾ ശരീരത്തിലുടനീളമുണ്ട്. മുഖത്തും മുതുകിലും ക്രൂരമായി ചവിട്ടിയതായും എക്സ്റേ ഫലങ്ങൾ വ്യക്തമാക്കുന്നു.
പ്രതികൾ കൊടും ക്രിമിനലുകൾ
സംഭവത്തിൽ നിലവിൽ അഞ്ച് പേരെയാണ് വാളയാർ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായ എല്ലാവരും മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി 15-ലധികം കേസുകൾ നിലവിലുണ്ട്. തടയാൻ വന്നവരെപ്പോലും ഭയപ്പെടുത്തിക്കൊണ്ടാണ് ഈ ക്രിമിനൽ സംഘം മർദ്ദനം തുടർന്നത്. കൂടുതൽ പ്രതികൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.
വഴിതെറ്റിയെത്തിയത് മരണത്തിലേക്ക്
കഞ്ചിക്കോട് കിംഫ്രയിൽ ജോലി തേടിയാണ് രാം നാരായണൻ ഒരാഴ്ച മുൻപ് പാലക്കാട്ടെത്തിയത്. മൂന്ന് വർഷം മുൻപ് ഭാര്യ ഉപേക്ഷിച്ചു പോയതിനെത്തുടർന്ന് ഇയാൾക്ക് ചില മാനസിക വിഷമതകൾ ഉണ്ടായിരുന്നു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. വഴിതെറ്റി അട്ടപ്പള്ളത്തെത്തിയ രാം നാരായണനെ തൊഴിലുറപ്പ് തൊഴിലാളികളാണ് ആദ്യം കണ്ടത്. ഇവർ വിവരം അറിയിച്ചതിനെത്തുടർന്ന് എത്തിയ യുവാക്കളുടെ സംഘം ഇയാളെ 'കള്ളൻ' എന്ന് ആരോപിച്ച് തടഞ്ഞുവെക്കുകയായിരുന്നു. രാം നാരായണൻ കള്ളനല്ലെന്നും കുടുംബം പുലർത്താൻ ജോലി തേടി വന്നതാണെന്നും ബന്ധുക്കൾ കണ്ണീരോടെ പറയുന്നു. 'കണ്ടപ്പോൾ കള്ളനെന്ന് തോന്നി' എന്ന നാട്ടുകാരുടെ നിസ്സാരമായ മറുപടിയാണ് ഒരു പാവം മനുഷ്യന്റെ ജീവനെടുത്തത്. അവശനിലയിലായ രാം നാരായണനെ പോലീസ് എത്തിയാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും വാളയാർ പോലീസ് അറിയിച്ചു.


