കൊവിഡ് കാലത്ത് മുൻകരുതലുകളില്ലാതെ പരീക്ഷ നടത്താനൊരുങ്ങി ആരോഗ്യസർവ്വകലാശാല

By Web TeamFirst Published Jun 28, 2020, 7:27 AM IST
Highlights

എംബിബിഎസ് രണ്ടാം വര്‍ഷ പ്രാക്ടിക്കല്‍, വൈവ പരീക്ഷകളാണ് അടുത്ത മാസം ഏഴ് മുതല്‍ ആരംഭിക്കുന്നത്. കേരളത്തിലെ പത്ത് ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജുകള്‍ അടക്കം 30 കോളേജുകളിലാണ് പരീക്ഷ. 

കോഴിക്കോട്:  കൊവിഡ് കാലത്ത് മുൻകരുതലില്ലാതെ എംബിബിഎസ് പരീക്ഷ നടത്താനുള്ള തീരുമാനവുമായി ആരോഗ്യ സർവ‍കലാശാല. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ വരെ എഴുതുന്ന പരീക്ഷ , ക്വാറന്റീൻ നിയമം പാലിക്കാതെ നടത്തുന്നതില്‍ ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍. വിവിധ കോളേജ് യൂണിയനുകള്‍ സര്‍വകലാശാലയെ ആശങ്ക അറിയിച്ചെങ്കിലും പരീക്ഷ നടത്താനാണ് അധികൃതരുടെ തീരുമാനം.

എംബിബിഎസ് രണ്ടാം വര്‍ഷ പ്രാക്ടിക്കല്‍, വൈവ പരീക്ഷകളാണ് അടുത്ത മാസം ഏഴ് മുതല്‍ ആരംഭിക്കുന്നത്. കേരളത്തിലെ പത്ത് ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജുകള്‍ അടക്കം 30 കോളേജുകളിലാണ് പരീക്ഷ. കൊവിഡ് ഹോട്ട്സ്പോട്ട്, കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ നിന്നുള്ളവരും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും പരീക്ഷയ്ക്കുണ്ട്. 

സാമൂഹിക അകലം പാലിച്ചുകൊണ്ട് താമസിക്കാനും പരീക്ഷ എഴുതാനുമുള്ള സംവിധാനങ്ങളൊന്നും ഒരുക്കാതെയാണ് സര്‍വകലാശാല പരീക്ഷ പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് പരാതി. കൊവിഡ് രോഗത്തിന്‍റെ സാമൂഹിക വ്യാപനം ആരോഗ്യ മന്ത്രി തന്നെ മുന്നറിയിപ്പ് നല്‍കിയ സ്ഥിതിക്ക് വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കി മാത്രമേ പരീക്ഷ നടത്താവൂ എന്നാണ് ആവശ്യമുയരുന്നത്.

click me!