Latest Videos

കേരളത്തിൽ ആഗസ്റ്റോടെ കൊവിഡ് കേസുകൾ 12,000 കടന്നേക്കുമെന്ന് നിഗമനം

By Web TeamFirst Published Jun 28, 2020, 7:17 AM IST
Highlights

രോഗമുക്തി നിരക്ക് 51.78 ശതമാനമാണ്. നേരിയ രോഗലക്ഷണം മാത്രമുള്ളവരെ പ്രവേശിപ്പിക്കാൻ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ സംസ്ഥാനത്തുടനീളം സജ്ജമാക്കാൻ ഒരുക്കം തുടങ്ങിയിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം തുടർച്ചയായി 100 കടക്കുമ്പോഴും നിലവിലുള്ള മാനദണ്ഡത്തിൽ ഉടൻ മാറ്റം ആവശ്യമില്ലെന്ന നിലപാടിലാണ് സർക്കാർ. കേസുകൾ കൂടുമ്പോഴും സമ്പക്കത്തിലൂടെയുള്ള രോഗവ്യാപനം പിടിച്ചുനിർത്താനാകുന്നുണ്ടെന്നാണ് വിലയിരുത്തൽ. അതേസമയം കേസുകളുടെ എണ്ണം കൂടുന്നത് മുന്നിൽക്കണ്ട് ചികിത്സാ സമീപനം പരിഷ്കരിക്കാൻ ശ്രമം തുടങ്ങി.

സമ്പർക്ക രോഗവ്യാപനം 5 ശതമാനത്തിന് താഴെ നിർത്താനായിരുന്നു സർക്കാരിന്റെ ലക്ഷ്യം. ഇത് ശ്രമകരവുമാണ്. എങ്കിലും കേരളത്തിലേക്ക് ആളുകൾ മടങ്ങിയെത്താൻ തുടങ്ങിയത് മുതൽ ഇതുവരെ രോഗം ബാധിച്ചവരിൽ സമ്പർക്കം 9 ശതമാനത്തിനടുത്താണ്. മടങ്ങിയെത്തിയ 3572ൽ നിന്ന് 312 പേരിലേക്കാണ് രോഗം പകർന്നത്. ഇത് ആശ്വാസകരമെന്നാണ് വിലയിരുത്തൽ. 

അതിന് മുൻപാകട്ടെ സമ്പർക്കത്തിലൂടെയുള്ള രോഗത്തിന്റെ തോത് 33 ശതമാനമായിരുന്നു. പ്രാദേശിക വ്യാപനം പിടിച്ചു നിർത്താനാവുന്നതിനാലാണ് പ്രോട്ടോക്കോൾ മാറ്റം നിലവിൽ ആവശ്യമില്ലെന്ന നിലപാട്. ഈ സമീപനം ശക്തമായി നടപ്പാക്കും. വ്യാപനം തടയാൻ തിരുവനന്തപുരത്തും തൃശൂരും നടപ്പാക്കിയ നിലവിലെ കണ്ടെയിന്മെന്റ് സോൺ മാതൃക തുടരും. ക്ലസ്റ്ററുകൾ രൂപപ്പെടാതിരിക്കാൻ ഊന്നൽ. ഇതിൽ പാളിച്ചയുണ്ടായാലാകും മറ്റ് നടപടികളിലേക്ക് പോവുക. 

അതേസമയം സമൂഹവ്യാപന ആശങ്കയിലുള്ള തിരുവനന്തപുരത്തെ ചിത്രം വ്യക്തമാകാൻ ഇനിയും സമയമെടുക്കും. എന്നാൽ രോഗികളുടെ എണ്ണത്തിലെ പെട്ടെന്നുള്ള വർധന ആശങ്കയുണ്ടാക്കുന്നതാണ്. ഈ മാസം അവസാനത്തോടെ പ്രതിദിനം 170 കേസുകൾ വരെയുണ്ടാകുമെന്ന് കണക്കാക്കിയിടത്ത് ഇപ്പോൾത്തന്നെ 192 വരെയായി. ആഗസ്റ്റ് പകുതിയോടെ കേസുകൾ 12,000 കടക്കുമെന്നാണ് കണക്കുകൂട്ടൽ. ഓരോദിവസവും മുകളിലേക്ക്...

രോഗമുക്തി നിരക്ക് 51.78 ശതമാനമാണ്. നേരിയ രോഗലക്ഷണം മാത്രമുള്ളവരെ പ്രവേശിപ്പിക്കാൻ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ സംസ്ഥാനത്തുടനീളം സജ്ജമാക്കാൻ ഒരുക്കം തുടങ്ങിയിട്ടുണ്ട്. രോഗത്തിന്റെ തോതനുസരിച്ച് രോഗികളെ തരംതിരിച്ചുള്ള ചികിത്സാ സമീപനമാകും ഉണ്ടാവുക. ഇതിൽ നിന്നും പരിധി വിട്ടാലാകും ലക്ഷണമില്ലാത്ത, ഗുരുതരമാകാത്ത രോഗികളെ വീട്ടിൽത്തന്നെ ഇരുത്തി ചികിത്സ നൽകുന്ന രീതിയിലേക്ക് മാറുക.

click me!