യുവതിയെ പീഡിപ്പിച്ച ആരോഗ്യ പ്രവര്‍ത്തകനെ റിമാന്‍റ് ചെയ്തു; പീഡനം കാലും കയ്യും കെട്ടിയിട്ടെന്ന് എഫ്ഐആര്‍

By Web TeamFirst Published Sep 7, 2020, 8:10 PM IST
Highlights

വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവതി കൊവിഡ് സർട്ടിഫിക്കറ്റിനായാണ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ പ്രദീപിന്‍റെ സഹായം തേടിയത്. 

തിരുവനന്തപുരം: കുളത്തുപ്പുഴയിൽ നിരീക്ഷണത്തിലായിരുന്ന യുവതിയെ പീഡിപ്പിച്ച ആരോഗ്യപ്രവർത്തകൻ  പ്രദീപിനെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കുളത്തുപ്പുഴയിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപിനെ പാങ്ങോട് പൊലീസ് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയത്. ക്വാറന്‍റീന്‍ ലംഘിച്ച വിവരം പൊലീസിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയുടെ കയ്യും കാലും കെട്ടിയിട്ട് ക്രൂരമായ പീഡനം നടത്തിയെന്നാണ് എഫ്ഐആറിലുള്ളത്. 

വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവതി കൊവിഡ് സർട്ടിഫിക്കറ്റിനായാണ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ പ്രദീപിന്‍റെ സഹായം തേടിയത്. ഭരതന്നൂരിലെ വാടകവീട്ടിൽ എത്തിയാൽ സർട്ടിഫിക്കറ്റ് നൽകാമെന്ന് ഇയാൾ വാഗ്ദാനം ചെയ്യുകയായിരുന്നു. കൂടാതെ കൈക്ക് ആരോഗ്യ പ്രശ്‍നങ്ങളുണ്ടായിരുന്ന യുവതിക്ക് തന്‍റെ പരിചയത്തിലുളള ഡോക്ടറെ കാണാൻ സഹായം ചെയ്യാമെന്നും ഇയാൾ പറഞ്ഞു. ഇതേ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് യുവതി ഇയാളുടെ ഭരതന്നൂരിലെ വാടകവീട്ടിലെത്തുന്നത്.

വീട്ടിൽ തനിച്ചായിരുന്ന ഇയാൾ യുവതിയെ ക്രൂരമായി മർദ്ദിക്കുകയും പിടിച്ച് തളളിയിടുകയും ചെയ്തു. കാലുകൾ കട്ടിലിന്‍റെ കാലിൽ കെട്ടിയിടുകയും വായിൽ തുണി തിരുകിക്കയറ്റുകയും ചെയ്തു. തുടർന്ന് പലതവണ ക്രൂരമായ പീഡനത്തിന് ഇരയാക്കി. കഴിഞ്ഞ വ്യാഴാഴ്ച ഉച്ച മുതൽ പിറ്റേന്ന് രാവിലെ വരെ പീഡിപ്പിച്ചു. ഇയാൾ മദ്യലഹരിയായിരുന്നുവെന്നാണ് വിവരം. പാങ്ങോട് മധുര സ്വദേശിയായ പ്രദീപ് വീട്ടുകാരുമായി അകന്ന് വാടകവീട്ടിൽ ഒറ്റക്ക് കഴിയുകയായിരുന്നു. കുളത്തൂപ്പുഴ സ്വദേശിയായ യുവതി വെളളറടയിലെ സുഹൃത്തിന്‍റെ സഹായത്തോടെയാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പാങ്ങോട് പൊലീസ് ഇന്നലെ ഇയാളെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്ന് യുവതിയുടെ മൊഴിയെടുത്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
 

click me!