
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ മസ്തിഷ്ക മരണം സംഭവിച്ച ഷിബുവാണ് ദാതാവ്. എറണാകുളം ജനറൽ ആശുപത്രിയിൽ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയാണ് നടക്കുക. കൊല്ലം ഇടവട്ടം ചിറക്കൽ സ്വദേശി 47 വയസുള്ള ഷിബുവിന്‍റെ ഹൃദയമാണ് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുക. എയർ ആംബുലൻസിലാണ് ഹൃദയം കൊണ്ടു പോകുക. ഷിബുവിന്‍റെ രണ്ട് വൃക്കകൾ, കരൾ, ഹൃദയം, 2 നേത്ര പടലങ്ങൾ, സ്കിൻ എന്നിവ ദാനം ചെയ്യും. വാഹനാപകടത്തിലാണ് ഷിബുവിന് മസ്തിഷ്ക മരണം സംഭവിച്ചത്. നേപ്പാൾ സ്വദേശിനി ദുർഗയ്ക്കാണ് ഹൃദയം മാറ്റിവയ്ക്കുന്നത്.
വാഹനാപകടത്തിൽ ചികിത്സയിൽ കഴിയവേ മരിച്ച ഒൻപത് വയസ്സുകാരൻ ദേവപ്രായാഗിന്റ അവയവങ്ങൾ രോഗികൾക്ക് നൽകാനായി കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ശ്രീചിത്ര, കണ്ണാശുപത്രി, കിംസ് എന്നിവക്കാണ് കൈമാറിയത്. ഒരു വൃക്കയും കരളും കിംസിലെ രോഗിയിൽ മാറ്റി വെച്ചു. ഹാർട്ട് വാൽവ്, നേത്രപടലങ്ങൾ എന്നിവ രോഗികൾക്ക് കൈമാറാനായി സൂക്ഷിച്ച് വെക്കും. ഒരു കിഡ്നിയും പാൻക്രിയാസും രോഗിക്ക് യോജിക്കാത്തതിനാൽ ഉപയോഗിക്കാനായില്ല.
ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ കൊല്ലം നിലമേലില്‍ വെച്ചുണ്ടായ വാഹന അപകടത്തിലാണ് ദേവ പ്രയാഗിന് ഗുരുതരമായി പരിക്കേറ്റത്. ദേവ പ്രയാഗിന്‍റെ അച്ഛന്‍ ബിച്ചു ചന്ദ്രനും സുഹൃത്ത് സതീഷും അപകടത്തില്‍ മരിച്ചിരുന്നു. ഏഴ് പേര്‍ക്കാണ് ദേവ പ്രയാഗിന്‍റെ അവയവങ്ങള്‍ മാറ്റിവെക്കുന്നത്. ദേവ പ്രയാഗിന് ആശുപത്രി അധികൃതർ ആദരം അർപ്പിച്ചു. രാവിലെ ആശുപത്രിയിൽ ആയിരുന്നു ചടങ്ങ് നടന്നത്. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയാണ് തിരുവനന്തപുരം കവടിയാർ സ്വദേശി ദിവാകർ എസ് രാജേഷ് മരിച്ചത്. ദിവാകറിന്‍റെ 5 അവയവങ്ങള്‍ ദാനം ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam