ശസ്ത്രക്രിയ വിജയകരം, വീണ്ടും മിടിച്ച് നേവിസിൻ്റെ ​ഹൃദയം: സഹകരിച്ചവർക്ക് നന്ദിയറിയിച്ച് ഡോക്ടർമാർ

By Web TeamFirst Published Sep 26, 2021, 4:04 PM IST
Highlights

എട്ട് മണിക്കൂർ നീണ്ട സങ്കീർണമായ ശസ്ത്രക്രിയക്കൊടുവിലാണ് നേവിസിന്‍റെ ഹൃദയം 59-കാരനായ പ്രേംചന്ദിന് വിജയകരമായി വച്ച് പിടിപ്പിച്ചത്. ഇന്നലെ രാത്രി ഏഴരയ്ക്ക് തുടങ്ങിയ ശസ്ത്രക്രിയ പുലർച്ചെ മൂന്നരയ്ക്ക് പൂ‍ർത്തിയായി. 

കോഴിക്കോട്/കൊച്ചി: മസ്തിഷ്ക മരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസിന്‍റെ  (navis) ഹൃദയം കണ്ണൂർ സ്വദേശി പ്രേംചന്ദിന്റെ ശരീരത്തില് പ്രവർത്തിച്ചു തുടങ്ങി (heart transplantation). മാറ്റിവച്ച ഹൃദയം സ്വന്തമായി മിടിക്കാൻ തുടങ്ങിയെന്നും രോഗി പൂർണമായും ബോധവാനാണെന്നും ആശുപത്രി അധികൃതർ (kozhikode metro hospital) അറിയിച്ചു. കണ്ണൂർ സ്വദേശിയടക്കം ഏഴ് പേർക്ക് പുതുജീവനേകിയാണ് നേവിസ് യാത്രയാവുന്നത്.

എട്ട് മണിക്കൂർ നീണ്ട സങ്കീർണമായ ശസ്ത്രക്രിയക്കൊടുവിലാണ് നേവിസിന്‍റെ ഹൃദയം 59-കാരനായ പ്രേംചന്ദിന് വിജയകരമായി വച്ച് പിടിപ്പിച്ചത്. ഇന്നലെ രാത്രി ഏഴരയ്ക്ക് തുടങ്ങിയ ശസ്ത്രക്രിയ പുലർച്ചെ മൂന്നരയ്ക്ക് പൂ‍ർത്തിയായി. രോഗി വെന്‍റിലേറ്ററിൽ തുടരുകയാണെങ്കിലും പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ പറഞ്ഞു. എറണാകുളത്ത് നിന്ന് മൂന്ന് മണിക്കൂർ കൊണ്ടാണ് നേവിസിന്‍റെ ഹൃദയവും വഹിച്ചുള്ള ആംബുലൻസ് കോഴിക്കോടെത്തിയത്.

എറണാകുളം മുതല്‍ കോഴിക്കോടുവരെ സർക്കാർ റോഡില്‍ ഗ്രീന്‍ ചാനല്‍ ക്രമീകരണമൊരുക്കി. വഴിയില്‍ ജനങ്ങൾ സഹകരിക്കണമെന്ന് ആരോഗ്യമന്ത്രിയടക്കം ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ചിരുന്നു. ഹൃദയം കൂടാതെ നേവിസിന്‍റെ കരളും കിഡ്നിയും കൈകളുമടക്കം ആറ് അവയവങ്ങൾ എറണാകുളത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളവർക്ക് ദാനം ചെയ്തിട്ടുണ്ട്. 

ഫ്രാന്‍സില്‍ വിദ്യാർത്ഥിയായിരുന്ന നേവിസ് രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞതിനെ തുടർന്ന് സെപ്റ്റംബർ പതിനാറിന് കുഴഞ്ഞു വീഴുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച കോട്ടയത്തെ ആശുപത്രിയില്‍വച്ച് മസ്തിഷ്ക മരണം സംഭവിച്ചു. കേരളത്തില്‍ അപൂർവമായാണ് ഒരാളുടെ ഏഴ് അവയവങ്ങളും ദാനം ചെയ്യുന്നത്.

അതിനിടെ ഹൃദയം കൊണ്ടുവരാന്‍ എന്തുകൊണ്ട് എയർ ആംബുലന്‍സ് ഉപയോഗിച്ചില്ലെന്ന് സമൂഹമാധ്യമങ്ങളില്‍ ചോദ്യമുയർന്നതിന് പിന്നാലെ ആരോഗ്യമന്ത്രി വിശദീകരണവുമായെത്തി. നാല് മണിക്കൂലധികം സമയമെടുക്കുമെങ്കില്‍ മാത്രമേ എയർ ആംബുലന്‍സ് ഉപയോഗിക്കേണ്ടതുള്ളൂവെന്നും, വിമാനത്താവളത്തിലടക്കം സമയം പാഴാകാതിരിക്കാനും ചിലവ് കുറയ്ക്കാനുമാണ് യാത്ര റോഡുമാർഗമാക്കിയതെന്നും മന്ത്രി വീണ ജോർജ് ഫേസ്ബുക്കില്‍ കുറിച്ചു.

click me!