'സുധീരനെ വേദനിപ്പിച്ചത് എന്തെന്ന് കണ്ടെത്തി പരിഹാരം കാണണം'; നേതാക്കള്‍ ഇടപെടണമെന്ന് ഉമ്മന്‍ ചാണ്ടി

By Web TeamFirst Published Sep 26, 2021, 2:37 PM IST
Highlights

അനുനയ നീക്കം തള്ളി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നുള്ള രാജിയിൽ ഉറച്ച് നില്‍ക്കുകയാണ് സുധീരൻ. നേതൃത്വത്തിൻറെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയിൽ സുധീരനെ വീട്ടിലെത്തി കണ്ട് വിഡി സതീശൻ ക്ഷമചോദിച്ചു. 

തിരുവനന്തപുരം: വി എം സുധീരനെ (V M Sudheeran) അനുനയിപ്പിക്കാന്‍ നേതാക്കള്‍ ഇടപെടണമെന്ന് ഉമ്മന്‍ ചാണ്ടി (Oommen Chandy). സുധീരനെ വേദനിപ്പിച്ചത് എന്തെന്ന് കണ്ടെത്തി പരിഹാരം കാണണം. സുധീരൻ രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുന്നത് ശരിയല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കെപിസിസി പുനസംഘടനാ ചർച്ച അന്തിമഘട്ടത്തിലെത്തി നിൽക്കെ സുധീരന്‍റെ അപ്രതീക്ഷിത രാജിയിൽ വെട്ടിലായിരിക്കുകയാണ് കോൺഗ്രസ്. നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായ വീഴ്‍ചയില്‍ സുധീരനെ വീട്ടിലെത്തി കണ്ട് വി ഡി സതീശൻ ക്ഷമചോദിച്ചു. നേതൃത്വത്തെ ചോദ്യം ചെയ്യുന്നവരോടുള്ള കടുത്ത നിലപാട് മാറ്റി സംസ്ഥാന നേതൃത്വം അനുനയത്തിന് തയ്യാറായിട്ടും രക്ഷയില്ല. അനുനയനീക്കം തള്ളി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നുള്ള രാജിയിൽ ഉറച്ച് നില്‍ക്കുകയാണ് സുധീരൻ.

പുനസംഘടനാ ചർച്ചയിൽ നിന്നൊഴിവാക്കിയതിൽ മാത്രമല്ല സുധീരന്‍റെ അതൃപ്തി. ദേശീയ നേതൃത്വം വേണ്ട പരിഗണന നൽകാത്തതിലും സുധീരന് പ്രതിഷേധമുണ്ട്. കെ സി വേണുഗോപാൽ ഇടപെട്ട് ദേശീയ തലത്തിലെ പദവികൾ ഇല്ലാതാക്കുന്നുവെന്നാണ് സുധീരന്‍റെ പരാതി.  ഹൈക്കമാന്‍റിനെ നേരിട്ട് വിമർശിക്കാതെ വേണുഗോപാലുമായി നല്ല ബന്ധം പുലർത്തുന്ന സംസ്ഥാന നേതൃത്വത്തെ സമ്മർദ്ദത്തിലാക്കുകയാണ് സുധീരൻ. സംസ്ഥാന നേതൃത്വത്തോട് അടുപ്പമുള്ള രാജ് മോഹൻ ഉണ്ണിത്താൻ അടക്കമുള്ള നേതാക്കൾ രാജികാര്യമാക്കേണ്ടെന്ന നിലപാടിലാണ്. പക്ഷെ പാർട്ടി വിട്ടവരും ഉടക്കിനിൽക്കുന്ന മുതിർന്നവരുമെല്ലാം പുതിയ നേതൃത്വത്തെ സംശയത്തിന്‍റെ നിഴലിലാക്കുന്നതിനാൽ സുധീരനെ അനുനയിപ്പിക്കാനുള്ള ശ്രമം കെപിസിസി തുടരും.

Read also: അനുനയ നീക്കത്തിൽ നേതാക്കൾ; അതൃപ്തി പ്രകടിപ്പിച്ച് സുധീരൻ, നേതൃത്വം സുവർണ്ണാവസരം പാഴാക്കിയെന്ന് വിമർശനം

click me!