1500 നിർധന രോഗികൾ എന്തു ചെയ്യണം? കോഴിക്കോട് മെഡി. കോളേജിൽ ഹൃദയ ശസ്ത്രക്രിയ നിലച്ചു

By Web TeamFirst Published Jun 25, 2019, 10:02 AM IST
Highlights

റിലയൻസ് ഇൻഷൂറൻസ് വിവിധ ചികിത്സാ സഹായ പദ്ധതികളുടെ കുടിശ്ശിക കൊടുക്കുന്നില്ല. പണം കിട്ടാതായതോടെ സ്റ്റെന്‍റ് ഉൾപ്പടെയുള്ള ശസ്ത്രക്രിയാ ഉപകരണങ്ങൾ നൽകുന്നത് വിതരണക്കാർ നിർത്തി. 

കോഴിക്കോട്: പേസ്മേക്കറിലാണ് ചേളന്നൂർ കണ്ണങ്കര സ്വദേശി ചന്തുക്കുട്ടിയുടെ ജീവിതം. വർഷങ്ങൾക്ക് മുമ്പുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന്, പേസ് മേക്ക‌ർ വച്ചു പിടിപ്പിച്ചതാണ്. പേസ് മേക്കറിന്‍റെ ബാറ്ററി മാറ്റാറായി. പക്ഷേ, കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇപ്പോൾ രോഗികൾക്ക് ഹൃദയ ശസ്ത്രക്രിയ ഇല്ല. 

അടിയന്തരമായി മാറ്റേണ്ടതാണ് പേസ് മേക്കർ ബാറ്ററി. പേസ് മേക്കർ ബാറ്ററി മാറ്റാത്തതുകൊണ്ട് നല്ല ക്ഷീണവും കിതപ്പുമുണ്ട് ചന്തുക്കുട്ടിക്ക്. വീട്ടിൽപ്പോലും ഏറെ നടക്കാൻ വയ്യ. കിതയ്ക്കും. 

''ഒരു മാസത്തിനുള്ളില് മാറ്റണ്ടതാണ്. കോളേജിലാണെങ്കിൽ ഈ ഓപ്പറേഷന് അയ്യായിരം രൂപ മതി. പുറത്ത് ഈ ഓപ്പറേഷന് അൻപതിനായിരം രൂപ കൊടുക്കണം'', പറഞ്ഞു തീരുമ്പോൾത്തന്നെ ചന്തുക്കുട്ടി കിതയ്ക്കുന്നു. 

ആന്‍ജിയോപ്ളാസ്റ്റിക്കുളള തീയതി ലഭിച്ചതനുസരിച്ചാണ് വടകര ഏറാമല സ്വദേശി മോഹന്‍ദാസ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ‍എത്തിയത്. അഡ്മിറ്റാകാന്‍ ഭാര്യയ്ക്കൊപ്പം കാത് ലാബില്‍ എത്തിയപ്പോഴാണ് ഹൃദയ ശസ്ത്രക്രിയ നിലച്ച കാര്യം മോഹന്‍ദാസ് അറിഞ്ഞത്.

''ഇവിടെ വേണ്ട സാധനങ്ങളൊന്നുമില്ല. വന്നാൽത്തന്നെ, ഇനി ബാക്കിയുള്ള ഓപ്പറേഷനൊക്കെ ചെയ്ത് സമയം പോലെയേ നിങ്ങളുടെ ഓപ്പറേഷൻ ചെയ്യൂ, സമയവും തീയതിയും ഒന്നും ഇപ്പോ പറയാൻ പറ്റില്ലെ''ന്നാണ് അധികൃതർ പറഞ്ഞതെന്ന് മോഹൻദാസ് പറയുന്നു. 

മോഹൻദാസിനെയും ചന്തുക്കുട്ടിയെയും പോലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയ നടത്താൻ റജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന 1500 ഓളം സാധാരണക്കാരായ രോഗികൾ ഇനിയെന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയാണ്. സ്റ്റെന്‍റും ഹൃദയ ശസ്ത്രക്രിയയ്ക്കുളള വിവിധ ഉപകരണങ്ങളും വാങ്ങിയ ഇനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് 18 കോടിയോളം രൂപയാണ് വിവിധ കമ്പനികൾക്കായി നല്‍കാനുളളത്.

'കാരുണ്യ' ഉൾപ്പടെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് അർഹരായ രോഗികൾക്ക് സംസ്ഥാനസർക്കാർ വളരെ കുറഞ്ഞ ചിലവിൽ ചികിത്സ നൽകുന്നത്. റിലയൻസ് ഇൻഷൂറൻസ് കമ്പനിയാണ് ഇതിന്‍റെ ഇൻഷൂറൻസ് പങ്കാളി.

''പ്രധാനമായും ഈ ആരോഗ്യ ഇൻഷൂറൻസിന് ഞങ്ങൾക്ക് തുക കിട്ടാനുള്ളത് റിലയൻസ് കമ്പനിയിൽ നിന്നാണ്. 2017-18, 18-19 വർഷങ്ങളിലായി ഞങ്ങൾക്ക് കിട്ടാനുള്ള തുക ഇരുപത്തേഴരക്കോടിയോളം വരും'', കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ട് സജിത് കുമാർ പറയുന്നു. 

സ്റ്റെന്‍റ് വിതരണ കമ്പനികള്‍ മാത്രമല്ല, മരുന്ന് കമ്പനികളും കുടിശ്ശികയെത്തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്ന് വിതരണം നിര്‍ത്തി വച്ചിരിക്കുകയാണ്. ഉപകരണങ്ങൾ ഇല്ലാത്തതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ കാത്ത് ലാബ് അടച്ചിട്ടിരിക്കുകയാണ്. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ മലബാറിലെ ആറ് ജില്ലകളില്‍ നിന്നുള്ള ആയിരക്കണക്കിന് രോഗികളാണ് ദുരിതത്തിലാവുന്നത്. 

Read More: സ്റ്റോക്കില്ല, കാത്ത് ലാബ് അടച്ചു; കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയ പ്രതിസന്ധിയിൽ

click me!