Latest Videos

സംസ്ഥാനത്ത് ചൂട് മുന്നറിയിപ്പ് പിൻവലിച്ചു; നിലവിൽ ജാഗ്രതാ നിർദ്ദേശമില്ലെന്ന് കാലാവസ്ഥാകേന്ദ്രം

By Web TeamFirst Published Feb 15, 2020, 2:09 PM IST
Highlights

ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാല് ഡിഗ്രി വരെ താപനില ഉയർന്നേക്കുമെന്ന മുന്നറിയിപ്പാണ് പിൻവലിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് അനുഭവപ്പെടുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് പിൻവലിച്ചു. ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാല് ഡിഗ്രി വരെ താപനില ഉയർന്നേക്കുമെന്ന മുന്നറിയിപ്പാണ് പിൻവലിച്ചത്. സംസ്ഥാനത്ത് നിലവിൽ ജാഗ്രതാ നിർദ്ദേശമില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

ഇന്നലെ ആലപ്പുഴയിലും കോട്ടയത്തും ശരാശരിയിലും 3 ഡിഗ്രി ചൂട് കൂടിയിരുന്നു. താപനില കൂടുന്ന സാഹചര്യത്തില്‍ സൂര്യാഘാതം, സൂര്യാതപം എന്നിവ ഒഴിവാക്കാനായി ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉച്ചക്ക് 12 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയത്ത് വെയില്‍ കൊള്ളുന്ന സാഹചര്യം ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും നിലവിൽ ഭയപ്പെടേണ്ടതില്ലെന്നാണ് അറിയിപ്പ്.

നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ ഉച്ചക്ക് 12-നും 3-നും ഇടക്ക് വിശ്രമം എടുക്കണമെന്നതടക്കമുള്ള നിർദ്ദേശങ്ങൾ  ഉൾപ്പെടുത്തി ലേബർ കമ്മീഷണറും ഉത്തരവിറക്കിയിരുന്നു.  

ഒരാഴ്ചക്കു ശേഷം സംസ്ഥാനത്ത് ചെറിയ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ നിഗമനം.

click me!